പ്രീമിയം എസ്‌ യു വി, ഹാച്ച്ബാക്ക്; എക്സ്പോയിലെ താരമാകാൻ ടാറ്റയുടെ വാഹനങ്ങൾ

Tata Motors

ഫെബ്രുവരി ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനങ്ങളുടെ ടീസർ പുറത്തുവിട്ട് ടാറ്റ. ഏതൊക്കെ വാഹനങ്ങളാണ് പ്രദർശിപ്പിക്കുക എന്ന വിവരം പൂർണ്ണമായും പുറത്തുവിടാതെ വാഹനങ്ങളുടെ ചില ഭാഗങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് ടാറ്റ പുറത്തുവിട്ടത്. പ്രീമിയം എസ് യു വി സെഗ്മെന്റിൽ ലാൻഡ് റോവർ ലുക്കുമായി എത്തുന്ന വാഹനം. ബലേനൊ, ഹ്യുണ്ടേയ് ഐ 20 തുടങ്ങിയ പ്രീമിയം ഹാച്ചുകളുമായി ഏറ്റുമുട്ടാനെത്തുന്ന ഹാച്ച്ബാക്ക്. ടാറ്റ ടിഗോർ സ്പോർട്സ്, നെക്സോൺ എഎംടി തുടങ്ങിയ വാഹനങ്ങളായിരിക്കും ടാറ്റയുടെ പവലിയനിലുണ്ടാകുക. 

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാരുതി ബലേനൊ ഹ്യുണ്ടേയ് എലൈറ്റ് ഐ 20 തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തുന്ന വാഹനം എക്‌സ് 451 എന്ന കോഡുനാമത്തിലാണ് അറിയപ്പെടുന്നത്. വാഹനത്തിന്റെ പേര് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായി എത്തുന്ന ചെറു കാര്‍ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (എഎംപി) നിര്‍മിക്കുക. വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമായിരിക്കും പ്രീമിയം ഹാച്ച്ബാക്ക്. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 1.0 പ്രകാരം ഡിസൈന്‍ ചെയ്ത വാഹനങ്ങളായിരുന്നു. നെക്‌സോണില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും ടിയാഗോയിലെ 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാകും പുതിയ കാറിന് കരുത്തേകുക. ഡീസല്‍ എന്‍ജിന് കൂട്ടായി (വി ജി ടി)വേരിയബില്‍ ജോമട്രി ടര്‍ബോയും ഉണ്ടാകും. 

ലാൻഡ് റോവർ എൽ550 പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന പ്രീമിയം എസ്‌യുവിയാണ് ടാറ്റയുടെ പവലിയനിലെ മറ്റൊരു താരം. ലുക്കിലും സ്റ്റൈലിലും ലാൻഡ് റോവർ എസ്‌യുവികളോട് സാമ്യം തോന്നുന്ന ഡിസൈനായിരിക്കും പുതിയ വാഹനത്തിന്. ക്യു 501 എന്ന കോഡുനാമത്തിൽ അറിയപ്പെടുന്ന വാഹനം ലാൻഡ്റോവർ ഡിസ്കവറി വിഷൻ കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിർമിക്കുക. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫീയറ്റിന്റെ 2.0 ലീറ്റർ ഡീസൽ എൻജിനാകും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക. അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡൽ ജീപ്പ് കോംപസുമായി മത്സരിക്കുമ്പോൾ ഏഴു സീറ്റ് മോഡൽ ടൊയോട്ട ഫോർച്യൂണർ, ഫോ‍ഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.