മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കുക ഇല്ലെങ്കിൽ അപകടം! വിഡിയോ

Image Capture from youtube video

മുന്നിൽ പോകുന്ന വാഹനത്തിന് പെട്ടെന്ന് അപകടം സംഭവിച്ചാൽ പിന്നിൽ വരുന്നവർക്ക് ബ്രേക്ക് ചെയ്തു നിർത്താനാണ് സുരക്ഷിതമായ അകലത്തിൽ മാത്രമേ വാഹനം ഓടിക്കാവൂ എന്ന് പറയാറ്. പെട്ടെന്നുള്ള വെട്ടിക്കലും ബ്രേക്ക് പിടിത്തവും പിന്നിൽ വരുന്ന ബൈക്ക് യാത്രക്കാരെയാണ് ഏറ്റവും അധികം ബാധിക്കാറ്.

ദേശീയപാതകളിൽ ഇത്തരത്തിലുള്ള അപകടങ്ങൾ സ്ഥിരം കാഴ്ചകളാണ്. മുന്നിൽ പോകുന്ന ടാറ്റ സുമോ പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റി വീഴുന്ന ബൈക്ക് യാത്രികന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മുന്നിലെ വാഹനം പെട്ടെന്ന് ഇടതു വശത്തേക്ക് വെട്ടിച്ചതിനെ തുടർന്ന് ബ്രേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന രണ്ടു പേരും റോഡിൽ വീണെങ്കിലും വലിയ പരിക്കുകളില്ലെന്നാണ് കരുതുന്നത്.

വാഹനം ഓടിക്കുമ്പോൾ‌ ശ്രദ്ധിക്കൂ

റോഡ് മറ്റു വാഹനങ്ങൾക്കും ഉപയോഗിക്കാൻ ഉള്ളതാണെന്ന് മനസിലാക്കിവേണം വാഹനമോടിക്കാൻ. മുന്നറിയിപ്പ് നൽകാതെയുള്ള ലൈൻമാറ്റവും വെട്ടിക്കലുകളും പിന്നിൽ വരുന്ന വാഹനങ്ങളെ അപകടത്തിൽ പെടുത്തിയേക്കാം. ഇടതുവശത്തുകൂടിയുള്ള മറികടക്കൽ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാം.