ബ്രെസയ തകർക്കാൻ പുതിയ എസ് യു വിയുമായി ഹോണ്ട

Representative Image, Honda Vision XS-1 Concept

ഇന്ത്യയിലെ വിപണി വിഹിതം ഉയർത്താൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). നിലവിൽ 5.55% വിപണി വിഹിതവുമായി ഇന്ത്യയിൽ നാലാം സ്ഥാനത്താണു ഹോണ്ട; ഭാവിയിൽ വിഹിതം 10% ആയി വർധിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ഹോണ്ട കാഴ്സ് മാനേജിങ് ഡയറക്ടർ യോയ്ചിരൊ ഊനൊ വെളിപ്പെടുത്തി. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ എസ് യു വികളാവും നിർണായകമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോ എക്സ്പോയിൽ എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെ പുതുതലമുറ മോഡലിനൊപ്പം ‘ടു യു എ’ എന്നു പേരിട്ട പുത്തൻ പ്ലാറ്റ്ഫോമും ഹോണ്ട അവതരിപ്പിച്ചിരുന്നു. ഇതോടൊപ്പം എസ് യു വി വിപണിയിൽ വ്യത്യസ്ത വിഭാഗങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള സാധ്യതാപഠനത്തിനും ഹോണ്ട തുടക്കമിട്ടിട്ടുണ്ട്. എസ് യു വികളിൽ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായി ഹാച്ച്ബാക്കായ ‘ബ്രിയൊ’യുടെ പുതുതലമുറ മോഡൽ അവതരണം വൈകിക്കാനും ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.

ചെറുകാറുകൾക്കു പകരം എസ് യു വി വിഭാഗത്തിലേക്കു മാറാനാണു ഹോണ്ടയുടെ പദ്ധതിയെന്ന് ഊനൊ വിശദീകരിച്ചു. ഇന്ത്യൻ വിപണിയിൽ ഏറ്റവും വിൽപ്പന വളർച്ച നേടുന്നത് എസ് യു വികളാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ സാധ്യതയും ഈ വിഭാഗത്തിനാണ്. പുതിയ ‘അമെയ്സ്’ പ്ലാറ്റ്ഫോം അടിത്തറയാക്കി കൂടുതൽ എസ് യു വികൾ അവതരിപ്പിക്കാനുള്ള സാധ്യതയാണു ഹോണ്ട പരിഗണിക്കുന്നത്. 

ഇന്ത്യൻ കാർ വിപണിയിൽ 25% വിഹിതമാണ് യൂട്ടിലിറ്റി വാഹനങ്ങൾക്കുള്ളത്. കോംപാക്ട് എസ് യു വികളാവട്ടെ ഏതാനും വർഷമായി 25 — 30% വിൽപ്പന വളർച്ച നേടിയാണു മുന്നേറുന്നത്. മാരുതി സുസുക്കിയുടെ ‘വിറ്റാര ബ്രേസ’യും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ‘ക്രേറ്റ’യും അരങ്ങുവാഴുന്ന കോംപാക്ട് എസ് യു വി വിപണിയിലേക്കു പ്രവേശിക്കാനുള്ള സാധ്യതാപഠനത്തിനും ഹോണ്ട നടപടിയെടുത്തിട്ടുണ്ട്. കൂടാതെ പ്രീമിയം എസ് യു വിയായ ‘എച്ച് ആർ — വി’ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതയും കമ്പനി പരിശോധിക്കുന്നുണ്ട്. അതുപോലെ ഡീസൽ എൻജിനുള്ള ‘സി ആർ — വി’യും ഹോണ്ട ഇന്ത്യയ്ക്കായി പരിഗണിക്കുന്നുണ്ട്.

ദക്ഷിണ പൂർവ ഏഷ്യൻ വിപണികൾക്കായി ഹോണ്ട വികസിപ്പിച്ച ‘ബി ആർ — വി’യും ‘മൊബിലിയൊ’യും ഇന്ത്യയിൽ കാര്യമായ തരംഗം സൃഷ്ടിച്ചില്ല. വിൽപ്പന ഇടിഞ്ഞതോടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’ ഹോണ്ട ഇന്ത്യയിൽ നിന്നു പിൻവലിച്ചു. ‘ബി ആർ — വി’യുടെ പ്രതിമാസ വിൽപ്പനയാവട്ടെ 800 — 1000 യൂണിറ്റ് നിലവാരത്തിലാണ്. അതേസമയം ‘ജാസ്’ ആധാരമാക്കിയ ക്രോസോവറായ ‘ഡബ്ല്യു ആർ — വി’ക്ക് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണു കോംപാക്ട് എസ് യു വിയിൽ വീണ്ടും ഭാഗ്യപരീക്ഷണത്തിനു ഹോണ്ട ഒരുങ്ങുന്നത്.