ലോക കാറാകാൻ മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കിയുടെ സൂപ്പർ കോംപാക്റ്റ് കാറായ സ്വിഫ്റ്റിനെ തേടി മറ്റൊരു അംഗീകാരം കൂടി. വേൾഡ് അർബൻ കാർ 2018 പട്ടികയിലെ ഫൈനൽ ലിസ്റ്റിലാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച കോംപാക്റ്റ് കാറുകളെ കണ്ടെത്തുന്ന പട്ടികയുടെ അവസാന ലിസ്റ്റിൽ സ്വിഫ്റ്റിനെ കൂടാതെ ഫോഡ് ഫീയസ്റ്റ, ഹ്യുണ്ടേയ് കൊന, നിസാൻ മൈക്ര, പുതു തലമുറ ഫോക്സ്‍വാഗൻ, കിയ പിക്കാന്റോ, കിയ സ്റ്റോണിക് തുടങ്ങിയ വാഹനങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്.

ഫെബ്രുവരി ആദ്യം നടത്ത ഓട്ടോ എക്സ്പോയിൽ പുതിയ ‘സ്വിഫ്റ്റി’ന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോ‍ഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99  ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില.

നിരത്തിലെത്തുംമുമ്പു തന്നെ ആവശ്യക്കാരേറിയ വാഹനമാണ് മാരുതി സ്വിഫ്റ്റ്. മൊത്തം ബുക്കിങ്ങിൽ 65 ശതമാനത്തോളം ഈ കാറിനാണത്രെ. പെട്രോൾ എൻജിനുള്ള ‘വി എക്സ് ഐ’, ‘സെഡ് എക്സ് ഐ’, ഡീസൽ എൻജിനുള്ള ‘വി ഡി ഐ’, ‘സെഡ് ഡി ഐ’ വകഭേദങ്ങളാണ് ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) സൗകര്യത്തോടെ ലഭിക്കുക.

പുതിയ ‘സ്വിഫ്റ്റ്’ എത്തുന്നതോടെ രണ്ടു പുതിയ നിറങ്ങളും മാരുതി സുസുക്കി അവതരിപ്പിക്കുന്നുണ്ട്: പ്രൈം ലൂസന്റ് ഓറഞ്ചും മിഡ്നൈറ്റ് ബ്ലൂവും. അഡ്വാൻസായി 11,000 രൂപ ഈടാക്കി കഴിഞ്ഞ 17 മുതലാണ് പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലർഷിപ്പുകളാവട്ടെ അതിനു മുമ്പു തന്നെ പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നുണ്ടായിരുന്നു. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.