ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് പിക്ക്അപ്പ്, ഹൈവേകളിലെ അമിതവേഗം അപകടകരം; കാണുക ഈ വിഡിയോ

Image Capture From Youtube Video

അമിത വേഗത്തിൽ പായുന്ന വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങൾ നമ്മുടെ ഹൈവേകളിൽ കുറവല്ല. വേഗം കുറച്ച് ശ്രദ്ധയോടെ വാഹനമോടിക്കണം എന്ന നിർദ്ദേശം നിരന്തരം നൽകുന്നുണ്ടെങ്കിലും അവ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നത് ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുന്നു. അമിത വേഗം ചിലപ്പോൾ വാഹനം ഓടിക്കുന്ന ആളുടെയല്ല മറ്റുള്ളവരുടെ ജീവിതം തന്നെ തകർത്തേക്കാം. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവർ കാണേണ്ട വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഗുജറാത്തിലെ ഹൈവേയിലാണ് സംഭവം നടന്നത്. ഇരുചക്രവാഹനത്തിലെത്തിയ കുടുംബം നാലുവരി പാത മുറിച്ചു കടക്കാൻ ശ്രമിക്കവേ എതിരെ വന്നൊരു പിക്അപ്പ് അവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുട്ടിയുൾപ്പെടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർക്കും പരിക്കേറ്റു എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ‌ നിന്ന് വ്യക്തമാകുന്നത്.

ഹെൽമെറ്റ് ധരിക്കാതെ അലക്ഷ്യമായി റോഡ് ക്രോസ് ചെയ്തതിന് തുടർന്നാണ് അമിതവേഗത്തിലെത്തിയ പിക്അപ്പ് ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിച്ചതെന്ന് വിഡിയോയിൽ വ്യക്തമാണ്. രണ്ടു പേരുടേയും ഭാഗത്ത് തെറ്റുണ്ടെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്ന് മനസിലാകുന്നത്. പിക്അപ്പ് അമിത വേഗത്തിലാണ് എത്തിയതെങ്കിൽ വാഹനം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാതെയാണ് ബൈക്ക് യാത്രികൻ റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ചത്.