ആ‍ഡംബരത്തിന്റെ അവസാനവാക്കാകാൻ റോൾസ് റോയ്സ് ‘കള്ളിനൻ’

Rolls Royce Cullinan

ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിൽ നിന്നുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിനു ‘കള്ളിനൻ’ എന്നു പേരിട്ടു. കാഴ്ചയിൽ എസ് യു വിയോടുള്ള സാമ്യം പ്രകടമെങ്കിലും എല്ലാ പ്രതലത്തിനും അനുയോജ്യമായ ഹൈ സൈഡഡ് വാഹനമെന്നാണു ബി എം ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള റോൾസ് റോയ്സ് ‘കള്ളിന’നെ വിശേഷിപ്പിക്കുന്നത്. 

ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ ‘കള്ളിനൻ ഡയമണ്ടി’ൽ നിന്നാണു റോൾസ് റോയ്സ് പുത്തൻ എസ് യു വിക്കുള്ള പേരു കണ്ടെത്തിയത്. ഖനിയിലെ വജ്രത്തെ പോലെ ഒളിഞ്ഞു കിടന്ന പേരിനെയാണു റോൾസ് റോയ്സ് പുത്തൻ എസ് യു വിക്കായി കണ്ടെടുത്തതെന്ന് കമ്പനി മേധാവി ടോർസ്റ്റൻ മ്യുള്ളർ ഒറ്റ്വോസ് അഭിപ്രായപ്പെട്ടു. അസാധാരണമായ മോഡലിന് തീർത്തും അനുയോജ്യമായ പേരാണിതെന്നും അദ്ദേഹം വിലയിരുത്തി.

പുതിയ വാഹനത്തിനായുള്ള റോൾസ് റോയ്സിന്റെ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്നു വർഷത്തോളമായി തുടരുകയാണ്. ഇതാദ്യമായാവും റോൾസ് റോയ്സ് എസ് യു വി മേഖലയിലേക്കു ചുവട് വയ്ക്കുന്നത്; അതുപോലെ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിൽ കമ്പനി പുറത്തിറക്കുന്ന ആദ്യ മോഡലുമാവും ‘കള്ളിനൻ’. റോൾസ് റോയ്സിന്റെ സെഡാനായ ‘ഫാന്റ’ത്തിലെ 6.8 ലീറ്റർ, വി 12 എൻജിൻ തന്നെയാവും ‘കള്ളിന’നും കരുത്തേകുകയെന്നാണു സൂചന; 571 ബി എച്ച് പി വരെ കരുത്തും 900 എൻ എമ്മോളം ടോർക്കുമാവും ഈ എൻജിൻ സൃഷ്ടിക്കുക. ‘ഫാന്റ’ത്തിലൂടെ അരങ്ങേറ്റം കുറിച്ച പുത്തൻ, അലൂമിനിയം നിർമിത സ്പേസ് ഫ്രെയിം ഷാസി തന്നെയാവും ‘കള്ളിന’ന്റെയും അടിത്തറ.

മാതൃസ്ഥാപനമായ ബി എം ഡബ്ല്യുവിൽ നിന്നു കടമെടുക്കുന്ന സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ഭാവിയിൽ പ്ലഗ് ഇൻ, സങ്കര ഇന്ധന പവർ ട്രെയ്ൻ സഹിതവും ‘കള്ളിനൻ’ വിൽപ്പനയ്ക്കെത്തും. എന്നാൽ പ്രതീക്ഷിക്കുന്ന പ്രകടന നിലവാരം കൈവരിക്കാനാവില്ലെന്നതിനാൽ ഡീസൽ എൻജിനോടെ എസ് യു വി വിൽപ്പനയ്ക്കെത്താനുള്ള സാധ്യത റോൾസ് റോയ്സ് തള്ളിയിട്ടുണ്ട്.  ആർട്ടിക് മേഖലയിലും മധ്യ പൂർവ ദേശത്തെ മരുഭൂമിയിലും നർബർഗ്റിങ് സർക്യൂട്ടിലുമൊക്കെ പരീക്ഷണ ഓട്ടം പുരോഗമിക്കുന്ന ‘കള്ളിന’ന്റെ അരങ്ങേറ്റം ഇക്കൊല്ലമുണ്ടാവുമെന്നാണു സൂചന. ബെന്റ്ലിയുടെ ‘ബെന്റൈഗ’യാവും രാജ്യാന്തരതലത്തിൽ ‘കള്ളിന’ന്റെ എതിരാളി.