ഇന്ത്യക്കാർക്കിഷ്ടം ‘വെള്ള’കാർ

Representative Image

നിറങ്ങൾക്കു പഞ്ഞമില്ലാതെയാണ് ഇന്ത്യൻ വാഹന നിർമാതാക്കൾ പുതിയ മോഡലുകൾ അവതരിപ്പിക്കുക. കുറഞ്ഞത് ഒൻപതു മുതൽ 12 വരെ വ്യത്യസ്ത വർണ സാധ്യതകളോടെയാണ് വാഹന നിർമാതാക്കൾ ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാറുള്ളത്. സാധ്യതകൾ യഥേഷ്ടമുണ്ടെങ്കിലും ചില പ്രത്യേക നിറങ്ങളോടാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കു താൽപര്യമേറെ. പോരെങ്കിൽ കാറിന്റെ നിറം തിരഞ്ഞെടുക്കുന്നതിൽ ഇന്ത്യക്കാരെ നയിക്കുന്നത് അന്ധവിശ്വാസങ്ങളുമാണ്; സന്തോഷകരമായ അവസരങ്ങൾക്കായി കറുപ്പ് നിറമുള്ള കാർ അധികമാരും തിരഞ്ഞെടുക്കാറില്ല. വെള്ളയും വെള്ളിയുമൊഴികെയുള്ള നിറങ്ങൾക്ക് വർണപ്പകിട്ട് കൂടുതലാണെന്നു കരുതുന്നവരുമേറെയാണ്.

ചുരുക്കത്തിൽ വെള്ളയും വെള്ളിയും കറുപ്പുമാണ് ഇന്ത്യക്കാരുടെ പ്രിയ നിറങ്ങൾ. ആഗോള വിപണികളുടെ കാര്യം പരിഗണിച്ചാലും കാർ വാങ്ങുന്നവരുടെ ഇഷ്ട നിറങ്ങൾ ഇതൊക്കെ തന്നെയാണ്. കൂടുതൽ കാലം പുതുമ നിലനിർത്താൻ വെള്ളയ്ക്കും വെള്ളിക്കും കറുപ്പിനും സാധിക്കുമെന്നതാണ് ഈ നിറങ്ങളെ ജനപ്രിയമാക്കുന്നതെന്നാണു വിലയിരുത്തൽ. അതേസമയം മെറ്റാലിക് ഫിനിഷ് വർണങ്ങൾ തുടക്കത്തിൽ തിളങ്ങുമെങ്കിലും കാലക്രമേണ നിറത്തിനു മങ്ങലേറ്റു തുടങ്ങും; സിറാമിക് കോട്ടിങ്ങും പെയ്ന്റ് പ്രൊട്ടക്ഷൻ ഫിലിമുമൊക്കെയാണ് ഈ പ്രശ്നത്തിനുള്ള പരിഹാര മാർഗങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം നിറമുള്ള കാറുകൾക്ക് റീസെയിൽ മൂല്യവും കുറയുമത്രെ. 

മറിച്ച് പോറലും ചളുക്കവുമൊന്നുമില്ലെങ്കിൽ വെള്ള, വെള്ളി, കറുപ്പ് നിറങ്ങളുള്ള കാറുകൾക്ക് യൂസ്ഡ് കാർ വിപണിയിലും മൂല്യമേറും. ഈ നിറങ്ങളിൽ തന്നെ വെള്ളയ്ക്കാണ് ആരാധകരേറെ; ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ 46 ശതമാനത്തോളം വെള്ള നിറമുള്ളവയാണ്. കൂടുതൽ കാലം പുതുമ നിലനിർത്തുമെന്നതും കാര്യമായ പരിപാലനം ആവശ്യമില്ലെന്നതുമൊക്കെയാണു വെള്ള നിറത്തിന്റെ മികവുകൾ. 

അഴുക്കും ചെളിയുമൊക്കെ മറയ്ക്കാൻ കറുപ്പിനു കഴിവുണ്ടെന്നതും അബദ്ധധാരണയാണ്; പൊടിയും ചെളിയും എടുത്തു കാണിക്കുന്ന നിറമാണത്രെ കറുപ്പ്. നീല, ചുവപ്പ്, പച്ച, മഞ്ഞ, ഓറഞ്ച് തുടങ്ങിയ നിറങ്ങളോടാണു കാർ ഉപയോക്താക്കൾ കാര്യമായ പ്രതിപത്തി കാട്ടാത്തത്. ചില നിറങ്ങൾ ചില കാറുകൾക്ക് യോജിച്ചേക്കാം; ഉദാഹരണത്തിനു മഞ്ഞ നിറത്തിലല്ലാതെ ലംബോർഗ്നി സങ്കൽപ്പിക്കാനാവില്ല. എന്നു കരുതി മഞ്ഞ നിറമുള്ള ഹോണ്ട ‘സിറ്റി’ വാങ്ങാൻ ആളുണ്ടാവില്ലല്ലോ?

ഇന്ത്യൻ വിപണിയിൽ കാര്യമായ സ്വീകാര്യതയില്ലാത്ത നിറങ്ങളാണു ബീജ്, ഗോൾഡ്, ബ്രൗൺ, പിങ്ക് തുടങ്ങിയവ; നീലയുടെയും പച്ചയുടെയും ഇളം ഷേഡുകളോടും കാര്യമായ പ്രതിപത്തിയില്ല.  വെള്ള കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന നിറം വെള്ളിയാണ്; 20 ശതമാനത്തോളം. 11% കാറുകൾ ഗ്രേ നിറത്തിലുള്ളവയും അഞ്ചു ശതമാനം വീതം കറുപ്പും ചുവപ്പും നിറത്തിലുള്ളവയുമാണ്. നീലാകാശത്തിനും നീലക്കടലിനുമൊക്കെ ആരാധകർ ധാരാളമുണ്ടെങ്കിലും നീല കാർ തേടിപ്പോകുന്നവർ തീർത്തും കുറവാണ്.