‘എത്തിയോസി’ന് പരിമിതകാലപതിപ്പുമായി ടൊയോട്ട

Toyota Etios Platinum Limited Edition

പ്രീമിയം സൗകര്യങ്ങളും സംവിധാനങ്ങളുമായി ടൊയോട്ടയുടെ ‘എത്തിയോസി’ന്റെ പരിമിതകാല പതിപ്പായ ‘പ്ലാറ്റിനം ലിമിറ്റഡ് എഡീഷൻ’ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) പുറത്തിറക്കി. ‘വി എക്സ്’ വകഭേദം അടിത്തറയാവുന്ന ‘പ്ലാറ്റിനം ലിമിറ്റഡ് എഡീഷ’ന്റെ ഡീസൽ വകഭേദത്തിന് 8.94 ലക്ഷം രൂപയും പെട്രോൾ വകഭേദത്തിന് 7.84 ലക്ഷം രൂപയുമാണ് ഡൽഹിയിലെ ഷോറൂം വില. 

പുത്തൻ നിറക്കൂട്ട്, ഇരട്ട വർണ അപ്ഹോൾസ്ട്രി, ഇൻഫൊയെൻമെന്റ് സംവിധാനത്തിൽ കൂടുതൽ സൗകര്യങ്ങൾ തുടങ്ങിയവയാണ് ‘എത്തിയോസ് പ്ലാറ്റിനം പതിപ്പി’ലെ മാറ്റങ്ങൾ. അതേസമയം മറ്റു പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡീഷ’ന്റെയും വരവ്.  സെഡാനായ ‘എത്തിയോസി’നല്ലാതെ ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യ്ക്കു ടൊയോട്ട ‘പ്ലാറ്റിനം ലിമിറ്റഡ് എഡീഷൻ’ അവതരിപ്പിച്ചിട്ടുമില്ല.

പരിമിതകാല പതിപ്പിന്റെ സവിശേഷതയായി ഫാന്റം ബ്രൗൺ നിറമാണു ടി കെ എം അവതരിപ്പിക്കുന്നത്; കൂടാതെ പേൾ വൈറ്റ് നിറത്തിലും ‘എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡീഷൻ’ ലഭ്യമാണ്. കഴിഞ്ഞ വർഷമാണു പരിഷ്കരിച്ചത് എന്നതിനാൽ കാഴ്ചയിൽ കാര്യമായ മാറ്റമില്ലാതെയാണ് ഈ പരിമിതകാല പതിപ്പ് എത്തുന്നത്. ആം റസ്റ്റിനു പുതിയ പാറ്റേണും ബോഡി കളറുമായി യോജിക്കുന്ന ഇരട്ട വർണ അപ്ഹോൾസ്ട്രിയുമാണ് അകത്തളത്തിലെ മാറ്റം. യു എസ് ബി, ബ്ലൂടൂത്ത് കണക്ടിവിറ്റിയും ശബ്ദം തിരിച്ചറിയാനുള്ള കഴിവും റിമോട്ട് കൺട്രോളുമൊക്കെയുള്ള 6.8 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും കാറിലുണ്ട്. പക്ഷേ എതിരാളികളിൽ നിന്നു വ്യത്യസ്തമായി ഈ സംവിധാനത്തിൽ ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പ്ൾ കാർപ്ലേ കണക്ടിവിറ്റി ടൊയോട്ട ലഭ്യമാക്കിയിട്ടില്ല.

പെട്രോൾ പതിപ്പിന് കരുത്തേകുക 1.5 ലീറ്റർ, നാലു സിലിണ്ടർ എൻജിനാണ്; 5,600 ആർ പി എമ്മിൽ 89 ബി എച്ച് പി വരെ കരുത്തും 3000 ആർ പി എമ്മിൽ 132 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഡീസൽ പതിപ്പിനു കരുത്തേകുന്നത് 1.4 ലീറ്റർ, നാലു സിലിണ്ടർ, ഡി ഫോർ ഡി എൻജിനാണ്; 3,800 ആർ പി എമ്മിൽ 67 ബി എച്ച് പി കരുത്തും 1,800 — 2,400 ആർ പി എമ്മിൽ 170 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഇരു എൻജിനുകൾക്കുമൊപ്പമുള്ള ട്രാൻസ്മിഷൻ.