യാരിസിൽ പ്രതീക്ഷ അർപ്പിച്ച് 8% വിൽപ്പന വളർച്ച മോഹിച്ചു ടൊയോട്ട

Yaris

ഇക്കൊല്ലം ഇന്ത്യയിലെ വാഹന വിൽപ്പനയിൽ എട്ടു ശതമാനത്തോളം വർധന കൈവരിക്കാനാവുമെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയ്ക്കു പ്രതീക്ഷ. പുതിയ വർഷത്തിന്റെ ആദ്യ രണ്ടു മാസത്തിനിടെ 10% വിൽപ്പന വളർച്ച നേടാൻ കമ്പനിക്കു കഴിഞ്ഞതായി ടൊയോട്ട കിർലോസ്കർ മോട്ടോർ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ(സെയിൽസ് ആൻഡ് സർവീസ്) എൻ രാജ അറിയിച്ചു. 

ഇക്കൊല്ലം ‘യാരിസ്’ സെഡാൻ ഒഴികെ മറ്റു മോഡലുകളൊന്നും ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനിക്കു പദ്ധതിയില്ലെങ്കിലും വിൽപ്പനയിൽ ഗണ്യമായ വർധന കൈവരിക്കാനാവുമെന്നാണു ടൊയോട്ടയുടെ പ്രതീക്ഷ. സങ്കര ഇന്ധന വിഭാഗത്തിൽ ആഗോളതലത്തിൽ കമ്പനിക്കുള്ള മേധാവിത്തം പരിഗണിച്ച് രണ്ടു വർഷത്തിനകം ഇത്തരം കാറുകൾ ഇന്ത്യയിലും അവതരിപ്പിക്കാൻ ടൊയോട്ടയ്ക്കു പദ്ധതിയുണ്ട്. 

പുത്തൻ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ചു രണ്ടു വർഷത്തിനകം സർക്കാരിന്റെ മാർഗനിർദേശങ്ങൾ പുറത്തിറങ്ങുമെന്നാണു പ്രതീക്ഷയെന്നു രാജ വെളിപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ സങ്കര ഇന്ധ മോഡലുകൾ അവതരിപ്പിക്കുക എളുപ്പമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ സങ്കര ഇന്ധന കാർ വിൽപ്പനയിൽ 50% വിഹിതമാണു ടൊയോട്ട അവകാശപ്പെടുന്നത്. വൈദ്യുത വാഹനങ്ങൾക്കു ജനപ്രീതിയേറുന്നുണ്ടെങ്കിലും വില കൂടുതലാണെന്നതും സഞ്ചാര ശേഷി കുറവാണെന്നതും ബാറ്ററി ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യം പരിമിതമാണെന്നതുമൊക്കെ വെല്ലുവിളികളാണ്.  ബി വിഭാഗത്തിൽ ‘യാരിസ്’ കൂടിയെത്തുന്നതോടെ ഇന്ത്യൻ കാർ വിപണിയിലെ പ്രധാന വിഭാഗങ്ങളില്ലൊം ടൊയോട്ടയ്ക്കു സാന്നിധ്യമാവും.