പിൻഗാമിയില്ലാതെ ‘ബീറ്റ്ൽ’ വിട പറയുന്നു

ഐതിഹാസിക മാനങ്ങളുള്ള ‘ബീറ്റ്ലി’നു പിൻഗാമിയുണ്ടാവില്ലെന്നു ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ സ്ഥിരീകരിച്ചു. നിലവിലുള്ള തലമുറ കഴിഞ്ഞാൽ ‘ബീറ്റ്ലി’നു പകരക്കാരനുണ്ടാവില്ലെന്നു ഫോക്സ്‌വാഗൻ ഗവേഷണ, വികസന വിഭാഗം മേധാവി ഫ്രാങ്ക് വെൽഷാണു സ്ഥിരീകരിച്ചത്. റെട്രോ ശൈലിയിലുള്ള ‘ബീറ്റ്ലി’ന്റെ ഭാവി സംബന്ധിച്ച് ഏറെ നാളായി തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമാവുന്നത്.

ഫോക്സ്‌വാഗൻ ‘ഐ ഡി ബസ്’ ഉൽപ്പാദനത്തോടടുക്കുകയാണെന്ന് വെൽഷ് ജനീവ മോട്ടോർ ഷോയിൽ പ്രഖ്യാപിച്ചിരുന്നു. ‘ടൈപ് ടു ട്രാൻസ്പോർട്ടറി’ൽ നിന്ന് പ്രചോദിതമായ ഈ കാറാവും ഭാവിയിൽ ഫോക്സ്‌വാഗൻ ശ്രേണിയിൽ ‘ബീറ്റ്ലി’ന്റെ സ്ഥാനം അലങ്കരിക്കുകയെന്നാണു സൂചന.  ‘ബീറ്റ്ലി’നെ സംബന്ധിച്ചിടത്തോളം രണ്ടോ മൂന്നോ തലമുറ ധാരാളമാണെന്നും വെൽഷ് വിലയിരുത്തുന്നു. ചരിത്രം ലക്ഷ്യമിട്ടാണു ‘ബീറ്റ്ൽ’ നിരത്തിലെത്തിയത്; പക്ഷേ ഇത് അഞ്ചു തവണ ആവർത്തിക്കാനാവില്ലെന്നു വെൽഷ് കരുതുന്നു.

കൂപ്പെ, കൺവെർട്ട്ബ്ൾ ശൈലികളിൽ ഫോക്സ്‌വാഗൻ ‘ബീറ്റ്ൽ’ വിൽക്കുന്നുണ്ട്. ‘ടി — റോക്’ കൺവെർട്ട്ബ്ളാവും ‘ബീറ്റ്ൽ’ കബ്രിയോളെയ്ക്കു പുറമെ ‘ഗോൾഫ്’, ‘ഇയോസ്’ കൺവെർട്ട്ബ്ളുകളുടെയും പകരക്കാരനെന്നു വെൽഷ് വിശദീകരിക്കുന്നു.  ഭാവിയിൽ ഫോക്സ്‌വാഗന്റെ ചരിത്ര മോഡൽ എന്ന സ്ഥാനം അലങ്കരിക്കുക ‘ബീറ്റ്ലി’നു പകരം പുനഃരാവിഷ്കരിക്കപ്പെട്ട ‘മൈക്രോബസ്’ ആവുമത്രെ. ഗ്രൂപ്പിന്റെ പുതിയ വൈദ്യുത കാർ പ്ലാറ്റ്ഫോമായ ‘എം  ഇ ബി’യിലൂടെ പഴമ പൂർണമായും പുനഃസൃഷ്ടിക്കുന്ന ‘ബസ്’ സാധ്യമാണെന്നു വെൽഷ് അവകാശപ്പെടുന്നു. ഇതേ പ്ലാറ്റ്ഫോം അടിത്തറയാവുന്ന ‘ഐ ഡി ബസി’ന്റെ ഉൽപ്പാദനം 2021—22ൽ ആരംഭിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.  രാജ്യാന്തര വിപണികളിൽ 1997ലാണു ഫോക്സ്‌വാഗൻ ‘പുതിയ ബീറ്റ്ൽ’ വിൽപ്പനയ്ക്കെത്തിച്ചത്. 2011ലാവട്ടെ രണ്ടാം തലമുറ ‘ബീറ്റ്ലും’ വിൽപ്പനയ്ക്കെത്തി.