‘ബുള്ളറ്റ്’ ഇനി അർജന്റീനയിലും

Royal Enfield Classic

ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു.രാജ്യത്ത് ഏറ്റവുമധികം മോട്ടോർ സൈക്ലിങ് പ്രേമികളുള്ള ബ്യൂണസ് അയേഴ്സിലാണു റോയൽ എൻഫീൽഡ് അർജന്റീനയിലെ ആദ്യ സ്റ്റോർ തുറന്നത്. ‘ബുള്ളറ്റ്’ വിൽപ്പനയ്ക്കൊപ്പം വിൽപ്പനാന്തര സേവന, സ്പെയർ പാർട്സ്, സർവീസ് സൗകര്യങ്ങളോടെയാണു സ്റ്റോറിന്റെ പ്രവർത്തനം. 

അർജന്റീനയിലെ ഡീലർ പങ്കാളിയായി ഗ്രുപൊ സിംപയെയാണു റോയൽ എൻഫീൽഡ് തിരഞ്ഞെടുത്തിരിക്കുന്നത്. ‘ബുള്ളറ്റ്’ ബ്രാൻഡിന്റെ അർജന്റീനയിലെ വിപണനവും വിൽപ്പനാന്തര സേവവുമൊക്കെ പങ്കാളിയുടെ ചുമതലയാവും. ലാറ്റിൻ അമേരിക്കൻ മേഖലയിൽ ‘ബുള്ളറ്റ്’ ഇടംപിടിക്കുന്ന മൂന്നാമതു രാജ്യമാണ് അർജന്റീന; നിലവിൽ ബ്രസീലിലും കൊളംബിയയിലുമാണു റോയൽ എൻഫീൽഡിനു സ്റ്റോറുകളുള്ളത്.

ലോകത്തു തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന മോട്ടോർ സൈക്കിൾ ബ്രാൻഡാണു റോയൽ എൻഫീൽഡ് എന്നു കമ്പനി പ്രസിഡന്റ് രുദ്രതേജ് സിങ് അവകാശപ്പെട്ടു. വിവിധ വിദേശ രാജ്യങ്ങളിൽ മോട്ടോർ സൈക്ലിങ് സംസ്കാരം സജീവമായ നഗരങ്ങളിൽ സ്റ്റോർ തുറക്കുകയെന്ന പദ്ധതിയാണു റോയൽ എൻഫീൽഡ് സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ ലണ്ടൻ, പാരിസ്, മാഡ്രിഡ്, ബാഴ്സലോന, മെൽബൺ തുടങ്ങിയ നഗരങ്ങളിലൊക്കെ കമ്പനി ഫ്ളാഗ് ഷിപ് സ്റ്റോറുകൾ തുറന്നു കഴിഞ്ഞു. ദക്ഷിണ പൂർവ ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും കൂടുതൽ നഗരങ്ങളിൽ സ്റ്റോറുകൾ തുറക്കാൻ കമ്പനിക്കു പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അർജന്റീനയിൽ നാലു മോഡലുകളാണു റോയൽ എൻഫീൽഡ് വിൽപ്പനയ്ക്കെത്തിക്കുന്നത്: 500 സി സി ‘ബുള്ളറ്റ്’, 500 സി സി ‘ക്ലാസിക്’, 535 സി സി ‘കോണ്ടിനെന്റൽ ജി ടി’ കഫെ റേസർ, 410 സി സി ‘ഹിമാലയൻ’ എന്നിവ.  കഴിഞ്ഞ സാമ്പത്തിക വർഷം 6.60 ലക്ഷത്തോളം ബൈക്കുകളാണു റോയൽ എൻഫീൽഡ് വിറ്റത്. ആഗോളതലത്തിൽ വിപണനം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ഇക്കൊല്ലം അവസാനത്തോടെ ഉൽപ്പാദനശേഷി ഒൻപതു ലക്ഷം യൂണിറ്റിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.