നവീകരിച്ച കമ്യൂട്ടർ ബൈക്ക് ശ്രേണിയുമായി ഹോണ്ട

ഹീറോ മോട്ടോ കോർപിന്റെ ‘സൂപ്പർ സ്പ്ലെൻഡറി’നെയും ‘സ്പ്ലെൻഡർ പ്ലസി’നെയുമൊക്കെ നേരിടാൻ നവീകരിച്ച മോഡൽ ശ്രേണിയുമായി പഴയ പങ്കാളിയായ ഹോണ്ടയുമെത്തി. കമ്യൂട്ടർ വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘സി ബി ഷൈൻ 125’, ‘ലിവൊ 110’, ‘ഡ്രീം യുഗ 110’ എന്നിവയുടെ 2018 പതിപ്പുകളാണു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) പുറത്തിറക്കിയത്. ‘സ്പ്ലെൻഡർ പ്ലസി’നെയും ‘പാഷൻ പ്രോ’ ശ്രേണിയെയും ‘ലിവൊ’യും ‘ഡ്രീം യുഗ’യും നേരിടുമ്പോൾ  ‘സി ബി ഷൈനി’ന്റെ മത്സരം ‘സൂപ്പർ സ്പ്ലെൻഡറിനോടാവും. 

ഡൽഹി ഷോറൂമിൽ 52,471 രൂപ വില മതിക്കുന്ന ‘2018 ഡ്രീം യുഗ’യിലാണ് എച്ച് എം എസ് ഐയുടെ മോട്ടോർ സൈക്കിൾ ശ്രേണി ആരംഭിക്കുക. ‘ലിവൊ 110’ 56,230 രൂപയ്ക്കും ‘ഷൈൻ എസ് പി 125’ 62,032 രൂപയ്ക്കുമാണു വിൽപ്പനയ്ക്കെത്തുന്നത്. ഒരേ എൻജിനാണു ‘ഡ്രീം യുഗ’യ്ക്കും ‘ലിവൊ’യ്ക്കും കരുത്തേകുന്നത്: 110 സി സി, ഫോർ സ്ട്രോക്ക്. ‘ഡ്രീം യുഗ’യിൽ എട്ടു ബി എച്ച് പിയും ‘ലിവൊ’യിൽ 8.2 ബി എച്ച് പിയുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന കരുത്ത്; ടോർക്കാവട്ടെ ‘ഡ്രീം യുഗ’യിൽ എട്ട് എൻ എമ്മും ‘ലിവൊ’യിൽ 8.6 എൻ എമ്മുമാണ്. നാലു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ‘ഡ്രീം യുഗ’യ്ക്കു ലീറ്ററിന് 72ക ലോമീറ്ററും ‘ലിവൊ’യ്ക്ക് 74 കിലോമീറ്ററുമാണു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

നവീകരിച്ച ഗ്രാഫിക്സ്, പുതിയ രൂപകൽപ്പനയുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ബോഡി കളേഡ് റിയർ വ്യൂ മിറർ എന്നിവയ്ക്കൊപ്പം ബ്ലാക്ക് വിത്ത് സൺസെറ്റ് ബ്രൗൺ മെറ്റാലിക് എന്ന പുതുനിറത്തിലും ‘2018 ഡ്രീം യുഗ’ വിൽപ്പനയ്ക്കുണ്ട്. ‘ലിവൊ’യിലും പുതിയ ഗ്രാഫിക്സും സർവീസ് കാലമെത്തിയെന്ന സൂചനയടക്കമുള്ള അനലോഗ് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഇടംപിടിക്കുന്നു.

പുതിയ ടാങ്ക് ഷ്റൗഡ്, നവീകരിച്ച ഗ്രാഫിക്സ്, സർവീസ് ഡ്യൂ ഇൻഡിക്കേറ്ററും ക്ലോക്കമുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങിയവയോടെ എത്തുന്ന ‘സി ബി ഷൈൻ എസ് പി’ക്കു കരുത്തേകുക 125 സി സി, ഫോർ സ്ട്രോക്ക് എൻജിനാണ്; പരമാവധി 11 ബി എച്ച് പി കരുത്തും 10 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പേൾ സൈറൻ ബ്ലൂ, ജീനി ഗ്രേ മെറഅറാലിക്, ബ്ലാക്ക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക്, ഇംപീരിയൽ റെഡ് മെറ്റാലിക് നിറങ്ങളിലാണു ബൈക്ക് ലഭ്യമാവുക. ഡ്രം, മുൻ ഡിസ്ക്, സി ബി എസ് സാധ്യതകളോടെ ബൈക്ക് വില്പ്പനയ്ക്കുണ്ട്.