ഇത് എസ് യു വികളുടെ ചക്രവർത്തി‍, പുറത്തിറങ്ങുന്നത് 12 എണ്ണം മാത്രം, വില 14.33 കോടി

Karlmann King

ലോകോത്തര ആഡംബര കാറുകൾ നാണിച്ചുപോകുന്ന ആഡംബരവുമായി ഒരു എസ് യു വി. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള എസ് യു വികളായ ബെന്റലി ബെന്റിയേഗയും ലംബോർഗിനി ഉറുസുമെല്ലാം ഇവന്റെ മുന്നിൽ വെറും പൂച്ചക്കുട്ടി. ആഡംബരവും കരുത്തും ഒരുപോലെ സമ്മേളിക്കുന്ന ഈ എസ് യു വി ചക്രവർത്തിയുടെ പേര് കാൾമാൻകിംഗ്സ്. ലോകത്ത് 12 എണ്ണം മാത്രം പുറത്തിറങ്ങുന്ന കാൾമാൻകിംഗ്സിന്റെ വില 14.33 കോടി രൂപയാണ്.

Karlmann King

ചൈനയിലെ ഐഎടി ഡിസൈൻ ചെയ്ത ഈ വാഹനത്ത നിർ‌മ്മിച്ചിരിക്കുന്നത് 1800 പേർ അടങ്ങുന്ന യൂറോപ്യൻ സംഘമാണ്. ലോകത്തിൽ ഇത്തരത്തിലുള്ള 12 എണ്ണം മാത്രമേ നിർമിക്കൂ. 2017 ദുബായ് ഇന്റർനാഷണൽ മോട്ടോർഷോയിലാണ് വാഹനം ആദ്യമായി പ്രദർശിപ്പിച്ചത്.  ഫോര്‍ഡിന്റെ പിക്കപ്പ് ട്രക്ക് എഫ്550 പ്ലാറ്റ്ഫോമിലാണ് എസ് യു വിയുടെ നിർമാണം. ഭാരം 4,500 കിലോഗ്രാം. ബുള്ളറ്റ് പ്രൂഫ് കവചമുള്ള മോഡൽ  തെരഞ്ഞെടുത്താല്‍ ഭാരം 6,000 കിലോയായി വര്‍ധിക്കും. ഫോഡിന്റെ തന്നെ എഫ് 550യുടെ 6.8 ലീറ്റർ വി 12 എൻ‌ജിനാണ് എസ് യു വിക്ക് കരുത്ത് പകരുന്നത്. 400 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗം 140 കിലോമീറ്റർ.

Karlmann King

കാര്‍ബണ്‍ ഫൈബറിലും സ്റ്റീലുമാണ് കാർമാൻകിംഗ്സിന്റെ ബോഡി നിർമിച്ചത്. എച്ച്ഡി സൗണ്ട് സിറ്റം, എച്ച്ഡി 4കെ ടിവി, പണം സൂക്ഷിക്കാൻ സെയ്ഫ്, ഫോണ്‍ പ്രൊജക്ഷന്‍ സിസ്റ്റം, ഓപ്ഷണല്‍ സാറ്റ്‌ലൈറ്റ് ടിവി, ഓപ്ഷണല്‍ സാറ്റ്‌ലൈറ്റ് ഫോണ്‍, കോഫി മെഷിന്‍, ഇലക്ട്രിക് ടേബിള്‍, എയര്‍ പ്യൂരിഫയര്‍, നിയോണ്‍ ലൈറ്റ്സ്, ഫ്രിഡ്ജ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളെല്ലാം വാഹനത്തിനകത്തുണ്ട്.  5990 എംഎം നീളവും 2480 എംഎം വിതിയും 2480 എംഎം തന്നെ പൊക്കവുമുണ്ട് എസ് യു വിക്ക്. 3691 എംഎമ്മാണ് വീൽബെയ്സ്. 151 ലീറ്ററാണ് ഫ്യൂൽ ടാങ്ക് കപ്പാസിറ്റി.