ദീപികയ്ക്കുള്ള സമ്മാനമോ രൺവീറിന്റെ പുതിയ ‘മെബാക്ക് എസ് 500’

Ranveer & Deepika

ബോളിവുഡിലെ താര പ്രണയ ജോഡികളാണ് രണ്‍വീറും ദീപികയും. വിവാഹം ഉടനുണ്ടാകുമെന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കെ പുതിയ കാർ സ്വന്തമാക്കിയിരിക്കുന്ന രൺവീർ. വിവാഹത്തിന് മുമ്പായി രൺവീർ സ്വന്തമാക്കിയ കാർ ദീപികയ്ക്ക് സമ്മാനിക്കാനണോ എന്ന് കാത്തിരിക്കുകയാണ് ബോളിവുഡ് ലോകം. ഇരുവരും ഒരുമിച്ച് പുതിയ കാറിലെത്തിയ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  മെഴ്സീഡിസ് ബെൻസ് ‘ജി എൽ എസ് ക്ലാസും’ ആസ്റ്റൻ മാർട്ടിൻ ‘റാപിഡു’മൊക്കെ ഇടംപിടിക്കുന്ന ഗാരിജിലേക്കാണ് ‘മെബാക്ക് എസ് 500’ വിരുന്നെത്തുന്നത്. 

ചില്ലറ പരിഷ്കാരങ്ങളോടെ ഫെബ്രുവരിയിൽ വിൽപ്പനയ്ക്കെത്തിയ ‘മെബാക്ക്’ അല്ല രൺവീർ സിങ് സ്വന്തമാക്കിയത്; പകരം 1.85 കോടി രൂപ വിലയ്ക്ക് പരിഷ്കാരത്തിനു മുമ്പു മെഴ്സീഡിസ് ബെൻസ് വിറ്റിരുന്ന ‘മെബാക്ക് എസ് 500’ ആണിത്. തന്റെ ഇഷ്ട നമ്പറും കാറിനായി രൺവീർ സിങ് സംഘടിപ്പിച്ചിട്ടുണ്ട്: എം എച്ച് 02/ഇ എച്ച് — 6969 ആണു കാറിന്റെ നമ്പർ. ടാറ്റ മോട്ടോഴ്സിന്റെ ആഡംബര ബ്രാൻഡായ  ജഗ്വാറിൽ നിന്നുള്ള ‘എക്സ് ജെ’ സെഡാനും രൺവീർ സിങ്ങിനു സ്വന്തമായിരുന്നു. എന്നാൽ ആഡംബരത്തിൽ ‘എസ് ക്ലാസി’നോടു കിട പിടിക്കാൻ ഈ ‘ജഗ്വാറി’നു കഴിയില്ലെന്നാണു വിലയിരുത്തൽ. 

വിദേശ നിർമിത കിറ്റുകൾ പുണെയിലെത്തിച്ച് അസംബ്ൾ ചെയ്താണ് ‘മെബാക്ക്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്. 4.7 ലീറ്റർ, വി എയ്റ്റ്, ഇരട്ട ടർബോ എൻജിനാണു കാറിനു കരുത്തേകു; പരമാവധി 455 ബി എച്ച് പി കരുത്തും 700 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും.നവീകരിച്ച ഗ്രില്ലും സവിശേഷ രൂപകൽപ്പനയുള്ള 19 ഇഞ്ച് അലോയ് വീലുമൊക്കെയാണ് ‘മേ ബാ’ സെഡാനുകളുടെ മുഖമുദ്ര. സി പില്ലറിലും ബൂട്ട് ലിഡിലുമാണു കാറിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. വീൽ ബേസ് 207 എം എം അധികരിച്ചതോടെ പിൻസീറ്റ് യാത്രികർക്ക് ആവശ്യത്തിലേറെ സ്ഥലസൗകര്യം കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. 

മുന്നിലെ പോലെ തന്നെ പിന്നിലും മസാജ് സൗകര്യത്തോടെ, ക്രമീകരിക്കാവുന്ന തരം സീറ്റുകളാണ് ‘മേ ബാ’യിൽ മെഴ്സീഡിസ് ബെൻസസ് വാഗ്ദാനം ചെയ്യുന്നത്. പോരെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും നിശ്ശബ്ദമായ കാറാണു ‘മേ ബാ’യെന്നും മെഴ്സീഡിസ് അവകാശപ്പെടുന്നു. അകത്തളത്തിന്റെ പുതുമ നിലനിർത്താനുള്ള എയർ ബാലൻസ് പാക്കേജ്, മാജിക് സ്കൈ കൺട്രോൾ, എയർമാറ്റിക് എയർ സസ്പെൻഷൻ, സീറ്റിൽ ‘മേ ബാ’ ചിഹ്നത്തോടെ നാപ്പ് ലതർ പൊതിഞ്ഞ അപ്വോൾസ്ട്രി, ഏഴു നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ് പാക്കേജ്, 24 സ്പീക്കർ സഹിതം 1,540 വാട്ട് ബംസ്റ്റർ ത്രീ ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങിയവയൊക്കെ കാറിലുണ്ട്.