20,000 വൈദ്യുത കാർ കൂടി വാങ്ങാൻ ഇ ഇ എസ് എൽ

Tigor EV

നടപ്പു സാമ്പത്തിക വർഷം കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകളുടെ ഉപയോഗത്തിനായി 20,000 വൈദ്യുത വാഹനം കൂടി വാങ്ങാൻ പൊതുമേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) ഒരുങ്ങുന്നു. 2019 മാർച്ചിനകം 2,400 കോടി രൂപയ്ക്ക് വൈദ്യുത കാർ വാങ്ങാനാണ് ഊർജ മന്ത്രാലയത്തിനു കീഴിലുള്ള ഇ ഇ എസ് എല്ലിന്റെ നീക്കം. 

കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന സർക്കാരുകളുടെ ഉപയോഗത്തിനായി വൈദ്യുത കാർ വാങ്ങാനുള്ള ധാരണാപത്രവും ഇ ഇ എസ് എൽ വൈകാതെ ഒപ്പുവയ്ക്കും. മഹാരാഷ്ട്രയ്ക്ക് 1,000 വൈദ്യുത കാറുകളും ഗുജറാത്തിന് 8,000 വൈദ്യുത കാറുകളും വാങ്ങിനൽകാനാണു പദ്ധതി. 

വൈദ്യുത കാർ വാങ്ങുന്ന പദ്ധതി മികച്ച പ്രതികരണമാണു സൃഷ്ടിച്ചതെന്ന് ഇ ഇ എസ് എൽ മാനേജിങ് ഡയറക്ടർ സൗരഭ് കുമാർ അവകാശപ്പെട്ടു. ഡൽഹിയിൽ നൂറോളം വൈദ്യുത വാഹനങ്ങൾ നിരത്തിലെത്തിക്കഴിഞ്ഞു. അടുത്ത മാർച്ചിനകം 2,400 കോടി രൂപ ചെലവിൽ 20,000 വൈദ്യുത കാറുകൾ കൂടി വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ഊർജ വകുപ്പിനു കീഴിലെ എൻ ടി പി സി, പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ, പവർ ഗ്രിഡ് കോർപറേഷൻ എന്നീ പൊതുമേഖല സ്ഥാപനങ്ങൾ ചേർന്നു രൂപീകരിച്ച സംയുക്ത സംരംഭമാണ് ഇ ഇ എസ് എൽ. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ഓഫിസുകളിലെ ഉപയോഗത്തിനായി 10,000 വൈദ്യുത കാറുകൾ വവാങ്ങാനുള്ള നടപടികൾക്കും ഇ ഇ എസ് എൽ തുടക്കമിട്ടിരുന്നു. ആദ്യ ഘട്ടത്തിൽ അഞ്ഞൂറും പിന്നീട് അവശേഷിക്കുന്ന കാറുകളും നൽകാനുള്ള ഈ കരാർ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുമാണു സ്വന്തമാക്കിയത്. 

തുടർന്ന് ആന്ധ്ര പ്രദേശ് സർക്കാരുമായി ഒപ്പിട്ട ധാരണാപത്രപ്രകാരം 10,000 വൈദ്യുത കാറുകൾ കൂടി വാങ്ങാനുള്ള നടപടികൾക്കും ഇ ഇ എസ് എൽ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനു പുറമെ രാജ്യവ്യാപകമായി ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികളും ഇ ഇ എസ് എൽ ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ 250 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി സൗരഭ് കുമാർ വെളിപ്പെടുത്തി. മറ്റു നഗരങ്ങളിൽ 2,500 ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ടെൻഡർ പുറപ്പെടുവിച്ചതായും കുമാർ അറിയിച്ചു.