നാസയുടെ സൂപ്പർസോണിക് ജെറ്റ്; പരമാവധി വേഗം 1,593 കിലോമീറ്റർ

X Plane

ശബ്ദാതിവേഗ വിമാനങ്ങളുടെ പ്രധാന പ്രശ്നമായി പറഞ്ഞിരുന്നതാണ് ശബ്ദമലിനീകരണം. സൂപ്പർസോണിക് പ്ലെയിനായ കോൺകോഡ് ലാൻഡ് ചെയ്യുമ്പോഴും പറന്നയരുമ്പോഴും സമീപത്തെ വീടുകളുടെ ചില്ലുകൾ ഉടഞ്ഞിരുന്നത്രേ. എന്നാൽ നിശബ്ദമായി ശബ്ദത്തെ തോൽപ്പിക്കുന്ന വിമാനവുമായി നാസ എത്തുന്നു. പരീക്ഷണാടിസ്ഥാനത്തിൽ വിമാനം നിർമിക്കാനുള്ള 247.5 മില്യൺ ഡോളറിന്റെ കരാർ അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ എയറോനോട്ടിക്സ് കമ്പനിക്ക് നാസ നൽകി കഴിഞ്ഞു. 2021ൽ വിമാനം നാസയ്ക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നാസയുടെ എക്‌സ്‌-പ്ലെയിന്‍ സീരീസിലെ ആദ്യ സംരംഭമായിരിക്കും ഇതെന്ന് നാസ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ചാള്‍സ് ബോള്‍ഡന്‍ പറഞ്ഞു. 2017 സാമ്പത്തിക വർഷത്തിലെ ബജറ്റിലാണ് ഈ പ്രോജക്ട് വകയിരുത്തിയിട്ടുള്ളത്. ശബ്ദം വളരെ കുറഞ്ഞ രീതിയിലാണ് വിമാനത്തിന്റെ ആദ്യമാതൃക തയാറാക്കിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദപരവും ശബ്ദമലിനീകരണം ഉണ്ടാക്കാത്തതും സുരക്ഷിതവുമായ തരം വിമാനങ്ങളാണ് ഈ പദ്ധതിയില്‍ രൂപകല്‍പ്പന ചെയ്യുന്നത്. കൂടുതല്‍ കാര്യക്ഷമതയുള്ള ഏവിയേഷന്‍ സിസ്റ്റമാണ് ഇതിലൂടെ ഉണ്ടാവാന്‍ പോകുന്നതെന്ന് നാസ പറയുന്നു. മണിക്കൂറിൽ 1,593 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന വിമാനമായിരിക്കുമിത്. 94 അടി നീളമുള്ള വിമാനത്തിന്റെ ചിറകുകളുടെ വിരിവ് 29.5 അടിയായിരിക്കും. 32,300 പൗണ്ട് വരെ വഹിച്ചുകൊണ്ട് ഉയരാൻ കഴിയുന്ന വിമാനത്തിന് 55000 അടി ഉയരം വരെ സഞ്ചരിക്കാൻ സാധിക്കും. ഒറ്റ പൈലറ്റായിരിക്കും വിമാനം പറത്തുക.

ശബ്ദമില്ലാത്ത സൂപ്പര്‍സോണിക് ടെക്‌നോളജി (QueSST) ഉപയോഗിച്ച് വിമാനങ്ങള്‍ ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യരായതുകൊണ്ടാണ് കാലിഫോര്‍ണിയയിലെ ലോക്ക്‌ഹീഡ് മാർട്ടിൻ ഏറനോട്ടിക്സ് കമ്പനിയെയാണ് ഈ ദൗത്യത്തിനായി നാസ തെരഞ്ഞെടുത്തിരിക്കുന്നത്. ‍നാസയുടെ വിര്‍ജീനിയയിലെ ലാംഗ്ലി റിസര്‍ച്ച് സെന്ററില്‍ ബേസിക് ആൻഡ് അപ്ലൈഡ് ഏറോസ്പേസ് റിസേർച്ച് ആൻഡ് ടെക്നോളജി (BAART) കരാറിന്‍ കീഴിലായിരിക്കും ഈ പ്രോജക്ട് വരിക.

രാജ്യത്ത് സ്വീകാര്യമായ ശബ്ദത്തിന്റെ അളവിന്റെ സാധ്യതാ പഠനങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് നാസ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൃദയമിടിപ്പ് പോലെ മൃദുവായിരിക്കണം ശബ്ദം എന്നാണ് നാസയുടെ ആവശ്യം. ജിഇ ആവിയേഷൻ, ട്രൈ മോഡൽസ് ഐഎൻസി. എന്നിങ്ങനെയുള്ള കമ്പനികള്‍ക്ക് സബ് കോണ്‍ട്രാക്റ്റ് നല്‍കും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമഗ്രികളും പഠിച്ച ശേഷം ഇവര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും.

X Plane

താരതമ്യേന ഭാരക്കുറവുള്ള `വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും ഇതു നിര്‍മ്മിക്കുക. കഴിഞ്ഞ ആറു വര്‍ഷത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതന ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തും. ഇതുവഴി 255 ബില്യണ്‍ ഡോളര്‍ ലാഭം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. എഴുപതു വര്‍ഷം മുന്‍പേ ബെല്‍ എക്‌സ്‌വണ്‍ ആണ് അവസാനമായി ഏറ്റവും കാര്യക്ഷമതയുള്ള വിമാനമായി അറിയപ്പെട്ടത്. ലോക മഹായുദ്ധത്തിനു ശേഷം 1950 കളില്‍ എല്ലാ ലോകശക്തികളും സൂപ്പര്‍സോണിക് യാത്രാവിമാനം നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.

ലോകത്തില്‍ ഇന്നുവരേ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള രണ്ട് ശബ്ദാതിവേഗ (Supersonic) യാത്രാവിമാനങ്ങളില്‍ ഒന്നായ കോണ്‍കോര്‍ഡ് വിമാനത്തിന്റെ തലമുറയിലാണ് പുതിയ വിമാനത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2003ല്‍ വിരമിച്ച ഈ വിമാനമാണ് അന്നുണ്ടായ രണ്ടു വിമാനങ്ങളില്‍ വച്ച് വ്യാവസായികമായി വിജയിച്ചത്. മറ്റേത് ടുപോലേവ് ടി.യു.144 ആണ്.

ലോക വിമാന നിര്‍മ്മാണ ചരിത്രത്തിലെ ഒരു അസാധാരണമായ കാലഘട്ടമാണ് കോണ്‍കോര്‍ഡിന്റെ വിരാമത്തോടെ അടഞ്ഞത്. ലോകത്തെ ആദ്യത്തെ ജെറ്റ് വിമാനം ഉണ്ടാക്കിയ സമയത്തിനടുത്തു തന്നെയാണ് കോണ്‍കോര്‍ഡും നിര്‍മ്മിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്നും, പാരീസിലെ ചാള്‍സ് ഡി ഗാള്‍ വിമാനത്താവളത്തില്‍ നിന്നും സ്ഥിരമായി അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡുള്ളെസ് വിമാനത്താവളത്തിലേക്ക് പറന്നിരുന്ന ഈ വിമാനം 1976ലായിരുന്നു സേവനം തുടങ്ങിയത്.

ആദ്യത്തെ എക്‌സ് പ്ലെയ്ന്‍ ഹൈബ്രിഡ് ഘടനയുള്ളതായിരിക്കും എന്ന് കരുതപ്പെടുന്നു. ഇതിന്റെ ചിറകുകള്‍ പ്രധാന ഭാഗത്തോട് കൂടുതല്‍ ചേര്‍ന്നായിരിക്കും കാണപ്പെടുക. വിമാനത്തിന്റെ മുകള്‍വശത്താവും എൻജിന്‍. ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കാറ്റിന്റെ ഗതി പ്രതികൂലമായി ബാധിക്കാത്ത തരം രൂപകല്‍പ്പനയാണിത്. കഴിഞ്ഞ ആറു വര്‍ഷമായി ഹൈബ്രിഡ് വിംഗ് മോഡല്‍ വിമാനങ്ങളെ കുറിച്ച് റിസര്‍ച്ച് നടത്തുകയാണ് നാസ.