ബജാജിന്റെ ബൈക്കുകൾക്കും വിലയേറി

2018 Bajaj Avenger Street 180

പുത്തൻ സാമ്പത്തിക വർഷത്തിന്റെ തുടക്കം പ്രമാണിച്ചു പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ ലിമിറ്റഡും ബൈക്ക് വില വർധിപ്പിച്ചു. ‘ഡൊമിനർ 400’ വിലയിലാണ് ഏറ്റവുമധികം വർധന നിലവിൽ വന്നത്; എ ബി എസുള്ള ‘ഡൊമിനറി’ന് 1,58,275 രൂപയാണു ഡൽഹി ഷോറൂമിലെ പുതിയ വില. മുൻ വിലയെ അപേക്ഷിച്ച് 2,000 രൂപ അധികമാണിത്.

ആന്റി ലോക്ക് ബ്രേക്കില്ലാത്ത ‘ഡൊമിനറി’ന്റെ പുതിയ വില 1,44,113 രൂപയാണ്; നേരത്തെ 1,42,108 രൂപയ്ക്കാണ് ഈ ബൈക്ക് വിറ്റിരുന്നത്. ‘പൾസർ ആർ എസ് 200’ ബൈക്കിന്റെ വിലയിലും 1,800 രൂപയുടെ വർധന പ്രാബല്യത്തിലെത്തിയിട്ടുണ്ട്. എ ബി എസുള്ള ബൈക്കിന് 1,36,794 രൂപയും എ ബി എസില്ലാത്ത പതിപ്പിന് 1,24,890 രൂപയുമാണു പുതുക്കിയ വില. ബജാജിന്റെ ക്രൂസർ ബൈക്കായ ‘അവഞ്ചർ’ ശ്രേണിക്കും വിലയേറിയിട്ടുണ്ട്; ‘അവഞ്ചർ 220 സ്ട്രീറ്റ്’, ‘ക്രൂസ്’ എന്നിവയുടെ പുതിയ വില 94,464 രൂപയാണ്. നേരത്തെ 93,466 രൂപയ്ക്കാണ് ഈ ബൈക്കുകൾ വിറ്റിരുന്നത്. 

‘അവഞ്ചർ 180’ ബൈക്കിന്റെ വിലയിലെ വർധന 1,100 രൂപയുടേതാണ്; 84,346 രൂപയാണ് ഈ ബൈക്കിന്റെ പരിഷ്കരിച്ച വില. ‘പൾസർ എൻ എസ് 200’ വില 1,700 രൂപ ഉയർത്താനും ബജാജ് ഓട്ടോ തീരുമാനിച്ചിട്ടുണ്ട്. എ ബി എസുള്ള ‘പൾസർ എൻ എസ് 200’ 1,10,714 രൂപയ്ക്കും എ ബി എസ് ഇല്ലാത്ത പതിപ്പ് 98,714 രൂപയ്ക്കുമാണ് ഇപ്പോൾ വിപണിയിലുള്ളത്.അതേസമയം പടക്കപ്പലായ ‘ഐ എൻ എസ് വിക്രാന്തി’ന്റെ ലോഹം ഉപയോഗിച്ചു നിർമിക്കുന്നതെന്നു ബജാജ് അവകാശപ്പെടുന്ന ‘വി 12’ ബൈക്കിന്റെ വിലയിൽ മാറ്റമില്ല. എന്നാൽ ‘വി 15’ വില 1,000 രൂപ ഉയർന്ന് 65,178 രൂപയാവും. 

അടുത്തയിടെ ബജാജ് പുതിയ ‘ഡിസ്കവർ 125’ പുറത്തിറക്കിയിരുന്നു; അടിസ്ഥാന മോഡലിന് 53,171 രൂപയും ഡിസ്ക് ബ്രേക്കുള്ള വകഭേദത്തിന് 55,994 രൂപയുമായിരുന്നു വില. എന്നാൽ ഇവയുടെ വില യഥാക്രമം 500 രൂപയും 1,000 രൂപയും വർധിപ്പിക്കാനാണു ബജാജിന്റെ തീരുമാനം. ‘പ്ലാറ്റിന കംപർടെകി’ന് 500 രൂപ ഉയർത്തിയതോടെ ബൈക്കിന്റെ വില 47,155 രൂപയായി; നേരത്തെ 46,656 രൂപയായിരുന്നു വില.