കോംപസിന് 1.47 ലക്ഷം രൂപ ഓഫറുമായി ജീപ്പ് ഇന്ത്യ

Jeep Compass

ചെറു എസ് യു വിയായ ജീപ്പിന് 1.47 ലക്ഷം രൂപ ഓഫറുമായി അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. കോംപസിന്റെ 4x4 വകഭേദത്തിനാണ് തകർപ്പൻ ഓഫറുമായി കമ്പനി എത്തിയിരിക്കുന്നത്. ഉയർന്ന വകഭേദമായ 4x2 ലിമിറ്റഡ് ബുക്കുചെയ്ത ഉപഭോക്താക്കൾക്ക് 50000 രൂപ അധികം നൽകിയാൽ കോംപസ് 4x4 ലിമിറ്റഡ് വകഭേദം നൽകുമെന്നാണ് ജീപ്പ് ഇന്ത്യ അറിയിച്ചത്.

ഇരുവകഭേദങ്ങളും തമ്മിൽ ഏകദേശം 1.97 ലക്ഷം രൂപ വ്യത്യാസമുണ്ടെങ്കിലും ഇന്റർനാഷണൽ ജീപ്പ് 4x4 ദിനം പ്രമാണിച്ചാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്. ഏപ്രിൽ 30 വരെ ഓഫറുണ്ടാകുമെന്നും കമ്പനി അറിയിച്ചു. ഇപ്രകാരം 4x2 ൽ നിന്ന് 4x4 ലേക്ക് അപ്്ഗ്രേഡ് ചെയ്യുന്നവർക്ക് ഏകദേശം 1.47 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാകുന്നതെന്നാണ് കമ്പനി പറയുന്നത്.

പുറത്തിറങ്ങിയ നാൾ മുതൽ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നതെന്നും ഇതുവരെ ഏകദേശം 20000 കോംപസുകൾ വിറ്റിട്ടുണ്ടെന്നും ജീപ്പ് അറിയിച്ചു. ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയിലെത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. ജീപ്പ് ഇന്ത്യയിൽ ആദ്യമായി അസംബിൽ ചെയ്യുന്ന വാഹനമാണ് കോംപസ്.

2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.20 ലക്ഷം മുതല്‍ 21.41 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.