എസ്​യുവിയോളും വരുമോ ഫ്രീസ്റ്റൈൽ എന്ന സിയുവി

Ford Freestyle

യു എസിൽ നിന്നുള്ള വാഹന നിർമാതാക്കളായ ഫോഡ് ഇന്ത്യയുടെ കോംപാക്ട് യൂട്ടിലിറ്റി വാഹന(സി യു വി)മായ ‘ഫ്രീസ്റ്റൈൽ’ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അവതരണത്തിനു മുന്നോടിയായി ‘ഫ്രീസ്റ്റൈലി’ന്റെ പ്രീ ലോഞ്ച് ബുക്കിങ്ങിനും തുടക്കമായി. ‘ഫ്രീസ്റ്റൈൽ’ അരങ്ങേറ്റത്തിന്റെ അന്തിമ തീയതി ഫോഡ് പ്രഖ്യാപിച്ചിട്ടില്ല.

Ford Freestyle

ഹാച്ച്ബാക്കായ ‘ഫിഗൊ’യ്ക്കും കോംപാക്ട് എസ് യു വിയായ ‘ഇകോ സ്പോർട്ടി’നും മധ്യത്തിലായാണു ഫോഡ് ‘ഫ്രീസ്റ്റൈലി’നെ പടയ്ക്കിറക്കുന്നത്. ‘ഫിഗൊ’ പ്ലാറ്റ്ഫോം അടിത്തറയാവുന്ന ‘ഫ്രീസ്റ്റൈൽ’ പെട്രോൾ, ഡീസൽ എൻജിനുളോടെ വിൽപ്പനയ്ക്കുണ്ടാവും. പുതിയ ശ്രേണിയിലെ മൂന്നു സിലിണ്ടർ, ഡ്രാഗൺ എൻജിനുകളാവും ‘ഫ്രീസ്റ്റൈലി’നു കരുത്തേകുക; 1.2 ലീറ്റർ ടി ഐ വി സി ടി പെട്രോളും 1.5 ലീറ്റർ ടി ഡി സി ഐ ഡീസലും. ‘2017 ഇകോ സ്പോർട്ടി’ലൂടെയായിരുന്നു ഇരു എൻജിനുകളും അരങ്ങേറ്റം കുറിച്ചത്.

Ford Freestyle

മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗോടെ എത്തുന്ന ‘ഫ്രീസ്റ്റൈലി’ൽ സിങ്ക് ത്രീ, ആരര ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ലഭ്യമാവും. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോട് ഇന്ത്യയ്ക്കുള്ള പ്രിയം മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫോഡ് ‘ഫ്രീസ്റ്റൈൽ’ അവതരിപ്പിക്കുന്നത്. 2017ലെ എസ് യു വി വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 37% വർധനയാണു രേഖപ്പെടുത്തിയത്; വാഹന വിപണി മൊത്തത്തിൽ ഒൻപതു ശതമാനം മാത്രം വർധന കൈവരിച്ച സ്ഥാനത്താണിത്.