നാലു വർഷം വാറന്റിയുമായി ക്വിഡ്

ചെറുഹാച്ച്ബാക്കായ ‘ക്വിഡി’ന് ദീർഘകാല വാറന്റി വാഗ്ദാനവുമായി ഫ്രഞ്ച് നിർമാതാക്കളായ റെനോ രംഗത്ത്. നാലു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ(ഏതാണോ ആദ്യം) നീളുന്ന വാറന്റിയാണു ‘ക്വിഡി’ന് റെനോയുടെ വാഗ്ദാനം; ഒപ്പം അത്യാവശ്യ ഘട്ടങ്ങളിൽ റോഡ് സൈഡ് അസിസ്റ്റൻസും റെനോ വാഗ്ദാനം ചെയ്യുന്നു.സാധാരണ ഗതിയിൽ ലഭ്യമാവുന്ന രണ്ടു വർഷമോ അര ലക്ഷം കിലോമീറ്ററോ നീളുന്ന വാറന്റിക്കൊപ്പം അത്രയും തന്നെ ദൈർഘ്യമുള്ള ദീർഘിപ്പിച്ച വാറന്റി കൂടി ഉൾപ്പെടുത്തിയാണു റെനോ ഇന്ത്യ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ‘റെനോ സെക്യുവർ’ പ്രകാരം ‘ക്വിഡി’ന്റെ  വാറന്റി ദീർഘിപ്പപ്പോൾ റോഡ് സൈഡ് അസിസ്റ്റൻസും ഉൾപ്പെടുത്തി. 

മാത്രമല്ല, ന്യായമായ നിരക്കിൽ അഞ്ചു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ(ഏതാണോ ആദ്യം) നീളുന്ന വാറന്റിയും റോഡ് സൈഡ് അസിസ്റ്റൻസും ‘ക്വിഡി’നു പുറമെ റെനോ ശ്രേണിയിലെ ‘കാപ്ചർ’, ‘ഡസ്റ്റർ’, ‘ലോജി’ തുടങ്ങിയവയ്ക്കും ഇപ്പോൾ ലഭ്യമാണ്.  റെനോയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ കമ്പനിയുടെ ജാതകം തിരുത്തിയ മോഡലാണു ചെറു ഹാച്ച്ബാക്കായ ‘ക്വിഡ്’; ഇതുവരെ 2.20 ലക്ഷത്തോളം യൂണിറ്റ് വിൽപ്പനയും ‘ക്വിഡ്’ റെനോയ്ക്കായി നേടിക്കൊടുത്തിട്ടുണ്ട്. വിപണിയിൽ സ്വീകാര്യത കൈവരിച്ചു മുന്നേറുന്ന ‘ക്വിഡി’ന്റെ മൂല്യം കൂടുതൽ ഉയർത്താനാണു റെനോ പുതിയ വാറന്റി പാക്കേജ് പ്രഖ്യാപിച്ചത്.