എഫ് വൺ: സാക് ബ്രൗൺ മക്ലാരൻ ടീം സി ഇ ഒ

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന മക്ലാരൻ ടീമിന്റെ ചീഫ് എക്സിക്യൂട്ടീവായി സാക് ബ്രൗൺ നിയമിതനായി. ഫോർമുല വൺ ടീമിന്റെ പൂർണ ചുമതലയേറ്റെടുക്കുന്ന ബ്രൗണിനു കീഴിലാവും റേസിങ് ഡയറക്ടർ എറിക് ബൂളിയറുടെ പ്രവർത്തനം. കമ്പനികളുടെ പ്രവർത്തനങ്ങൾ മൂന്നു വിഭാഗങ്ങളാക്കി മക്ലാരൻ ഗ്രൂപ്പിന്റെ കോർപറേറ്റ് ഘടനയും പരിഷ്കരിച്ചു; അപ്ലൈഡ് ടെക്നോളജീസ്, ഓട്ടമോട്ടീവ്, റേസിങ് വിഭാഗങ്ങളിലായാവും ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ.

ജൊനാഥൻ നീലാണു ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ; ആഡംബര കാർ നിർമാണ വിഭാഗമായ മക്ലാരൻ ഓട്ടമോട്ടീവിന്റെ ചീഫ് എക്സിക്യൂട്ടീവായി മൈക്ക് ഫ്ളുവിറ്റ് തുടരും. മാർക്കറ്റിങ് വിദഗ്ധനായ ബ്രൗൺ എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടാണ് 2006ൽ മക്ലാരനൊപ്പം ചേരുന്നത്. മുൻ മേധാവി റോൺ ടെന്നീസ് വിടവാങ്ങിയ ഒഴിവിൽ പുത്തൻ സ്പോൺസർഷിപ്പുകൾ സംഘടിപ്പിക്കുകയായിരുന്നു ബ്രൗണിന്റെ ആദ്യ ദൗത്യം. സാങ്കേതികമായി മക്ലാരൻ ടീം പ്രിൻസിപ്പലായി പ്രവർത്തിച്ചു വന്നിരുന്ന അമേരിക്കക്കാരനായ ബ്രൗൺ ഇപ്പോൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദം കൂടി സ്വന്തമാക്കുകയാണ്.

മികച്ച വളർച്ച കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണു മക്ലാരനെ കോർപറേറ്റ് തലത്തിൽ പുനഃസംഘടിപ്പിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ എസ അൽ ഖലീഫ വിശദീകരിച്ചു. ഗ്രൂപ് പ്രവർത്തനത്തിൽ ലാളിത്യവും വ്യക്തതയും കൈവരിക്കുകയെന്ന ലക്ഷ്യത്തോടൊണു മാറ്റങ്ങൾ നടപ്പാക്കുന്നതെന്നും ബഹ്റൈനിൽ നിന്നുള്ള അദ്ദേഹം അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ എസ അൽ ഖലീഫയും ടീമിന്റെ സൗദിയിൽ നിന്നുള്ള സഹ ഉടമസ്ഥനായ മൻസൂർ ഒജെയുമാവും ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി. 

ഫോർമുല വൺ ചരിത്രത്തിൽ ഫെറാരി കഴിഞ്ഞാൽ ഏറ്റവുമധികം വിജയം കൊയ്ത ടീമാണു മക്ലാരൻ. മൊത്തം 182 ഗ്രാൻപ്രി വിജയങ്ങളാണു ബ്രിട്ടീഷ് ടീമായ മക്ലാരൻ വാരിക്കൂട്ടിയത്. പക്ഷേ 2012നു ശേഷം ഗ്രാൻപ്രി ജയിക്കാനാവാതെ മത്സരരംഗത്തു തുടരുന്നതിനാൽ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണു മക്ലാരൻ. കഴിഞ്ഞ ആഴ്ചത്തെ ബഹ്റൈൻ ഗ്രാൻപ്രിയോടെ വിജയങ്ങളില്ലാതെ 100—ാം മത്സരമാണു മക്ലാരൻ പൂർത്തിയാക്കിയത്. പ്രകടനക്ഷമത കുറഞ്ഞ ഹോണ്ട എൻജിനുകളുമായി മൂന്നു വർഷം പോരാടി നിരാശ ബാക്കിയായ ടീമിന് റെനോയിൽ നിന്നുള്ള എൻജിനുമായി കളത്തിലിറങ്ങിയിട്ടും നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. പോരെങ്കിൽ ഹോണ്ട എൻജിനുമായെത്തിയ ടോറൊ റോസൊ ഡ്രൈവർമാർ ബഹ്റൈനിലെ യോഗ്യതാനിർണയ വേളയിൽ മക്ലാരന്റെ ഫെർണാണ്ടോ അലൊൻസൊയെയും സ്റ്റോഫെൽ വാൻഡൂർണിനെയും പിന്നിലാക്കുകയും ചെയ്തിരുന്നു. പോരെങ്കിൽ ടോറൊ റോസോയുടെ ഫ്രഞ്ച് ഡ്രൈവർ പിയറി ഗാസ്ലി നാലാം സ്ഥാനവും നേടി; കഴിഞ്ഞ മൂന്നു സീസണിടെ മക്ലാരൻ നേടാൻ കഴിഞ്ഞതിലും മികച്ച വിജയം.