4 ലക്ഷം രൂപ വരെ കുറവ് പ്രഖ്യാപിച്ച് കാവസാക്കി

Kawasaki Z1000 R

ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള നാലു ബൈക്കുകളുടെ കഴിഞ്ഞ വർഷത്തെ മോഡലുകൾക്ക് ജാപ്പനീസ് നിർമാതാക്കളായ കാവസാക്കി വിലക്കിഴിവ് പ്രഖ്യാപിച്ചു. ‘നിൻജ 300’, ‘സെഡ് എക്സ് — 10 ആർ ആർ’, ‘സെഡ് 1000’, ‘സെഡ് 1000 ആർ’ ബൈക്കുകളുടെ 2017 മോഡലുകളുടെ വിലയിൽ 60,000 മുതൽ നാലു ലക്ഷം രൂപയുടെ വരെ ഇളവാണു കമ്പനി അനുവദിച്ചത്. 2017 മോഡൽ ‘നിൻജ 300’ ആണു പ്രധാനമായും കാവസാക്കിയുടെ പക്കലുള്ളത്; ‘സെഡ് എക്സ് — 10 ആർ ആർ’, ‘സെഡ് 1000’, ‘സെഡ് 1000 ആർ’ എന്നിവയുടെ 2017 മോഡൽ സ്റ്റോക്ക് പരിമിതമാണ്.

നേരത്തെ 3.60 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന ‘നിൻജ’യുടെ 2017 മോഡൽ ബൈക്കുകൾ ഇപ്പോൾ മൂന്നു ലക്ഷം രൂപയ്ക്കു ലഭ്യമാണ്. മുമ്പ് 21.90 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന ‘നിൻജ സെഡ് എക്സ് — 10 ആർ ആറി’ന്റെ പഴയ സ്റ്റോക്ക് ഇപ്പോൾ 17.90 ലക്ഷം രൂപയ്ക്കാണു ലഭിക്കുക; നാലു ലക്ഷം രൂപയാണു വിലക്കിഴിവ്. പോരെങ്കിൽ മുംബൈയിലെ കാവസാക്കി ഷോറൂം ഈ ബൈക്കിനൊപ്പം 70,000 രൂപ വിലമതിക്കുന്ന അക്രപോവിക് എക്സോസ്റ്റ് സൗജന്യമായും നൽകുന്നുണ്ട്. 

ലീറ്റർ ക്ലാസിൽപെടുന്ന നേക്കഡ് ബൈക്കുകളായ ‘സെഡ് 1000’, ‘സെഡ് 1000 ആർ’ എന്നിവയുടെ കഴിഞ്ഞ വർഷത്തെ മോഡലുകൾക്ക് മൂന്നു ലക്ഷം രൂപ വീതമാണു കാവസാക്കി പ്രഖ്യാപിച്ച ഇളവ്. ഇതോടെ ഇവയുടെ വില യഥാക്രമം 12.10 ലക്ഷം രൂപയും 13.10 ലക്ഷം രൂപയുമായി കുറഞ്ഞു. ‘2017 നിൻജ സെഡ് എക്സ് — 10 ആറി’നും കമ്പനി മൂന്നു ലക്ഷം രൂപ ഇളവ് അനുവദിച്ചിരുന്നു; എന്നാൽ ഇവ പൂർണമായും വിറ്റു തീർന്നെന്നാണു കമ്പനിയുടെ അവകാശവാദം.

കഴിഞ്ഞ വർഷം നിർമിച്ച ‘സെഡ് എക്സ് — 10 ആർ ആർ’, ‘സെഡ് 1000’, ‘സെഡ് 1000 ആർ’ എന്നിവ രണ്ടെണ്ണം വീതമാണ് അവശേഷിക്കുന്നതെന്നാണു കാവസാക്കി നൽകുന്ന സൂചന. അതേസമയം വിറ്റു പോകാനുള്ള 2017 മോഡൽ ‘നിൻജ 300’ ബൈക്കുകളുടെ എണ്ണം താരതമ്യേന വളരെ അധികമാണ്. കാവസാക്കി ശ്രേണിയിലെ മറ്റു ബൈക്കുകളായ ‘സെഡ് 650’, ‘നിൻജ 650’, ‘വെർസിസ് 650’ തുടങ്ങിയവയ്ക്കൊന്നും ഇളവുകൾ ലഭ്യമല്ല.