1.21 കോടിയുടെ ജീപ്പ് സ്വന്തമാക്കി സൂപ്പർ താരം

Jeep Grand Cherokee

സംവിധായകൻ, നിർമാതാവ്, നടൻ, സംഗീതജ്ഞൻ, കവി.... അങ്ങനെ വിശേഷണങ്ങൾക്കു പഞ്ഞമില്ലാത്ത കലാകാരനാണു ഫർഹാൻ അക്തർ. ഹിന്ദി ചലച്ചിത്ര ലോകത്തു വിവിധ മേഖലകളിൽ നിറഞ്ഞാടുന്ന അക്തറിന്റെ യാത്രകൾ ഇനി പുത്തൻ ‘ജീപ്പ് ഗ്രാൻഡ് ചെറോക്കീ’ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിലാവുമെന്നതാണു പുതിയ വിശേഷം. ‘ദിൽ ചാഹ്താ ഹെ’ എന്ന തകർപ്പൻ ഹിറ്റിലൂടെ ബോളിവുഡ് കീഴടക്കിയ അക്തറിന്റെ ‘ഗ്രാൻഡ് ചെറോക്കീ’യുടെ താക്കോൽ മുംബൈയിൽ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ (എഫ് സി എ) ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിന്നാണു കൈമാറിയത്. 

Jeep Grand Cherokee

മെഴ്സീഡിസ് ബെൻസ് ‘ജി എൽ എസ്’, ഔഡി ‘ക്യു സെവൻ’ തുടങ്ങിയവരോട് ഏറ്റുമുട്ടാനാണ് എഫ് സി എ ഇന്ത്യ ‘ജീപ്പ് ഗ്രാൻഡ് ചെറോക്കീ’യെ ഇന്ത്യയിൽ പടയ്ക്കിറക്കിയത്. ഏകദേശം 1.21 കോടി രൂപ വരെയാണ് ‘ഗ്രാൻഡ് ചെറോക്കീ’യുടെ മുംബൈ ഓൺറോഡ് വില.ഏഴു സീറ്റുള്ള എസ് യു വിക്കു കരുത്തേകുന്നത് മൂന്നു ലീറ്റർ ടർബോ ഡീസൽ എൻജിനാണ്; പരമാവധി 240 ബി എച്ച് പി കരുത്തും 570 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കഴിഞ്ഞ ജൂലൈയിൽ ഈ ‘ജീപ്പി’ന്റെ പെട്രോൾ പതിപ്പും വിപണിയിലെത്തിയിരുന്നു. 3.6 ലീറ്റർ, വി സിക്സ്, പെന്റസ്റ്റാർ പെട്രോൾ എൻജിനാണു ‘ഗ്രാൻഡ് ചെറോക്കീ’ക്കു കരുത്തേകുക. 286 ബി എച്ച് പി വരെ കരുത്തും 347 എൻ എം ടോർക്കുമാണ് പെട്രോൾ എൻജിൻ സൃഷ്ടിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകൾക്കു കൂട്ടാവുന്നത് എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്.

Jeep Grand Cherokee

സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെയാണ് എഫ് സി എ ‘ഗ്രാൻഡ് ചെറോക്കീ’ സാക്ഷാത്കരിച്ചിരിക്കുന്നത്. സ്യൂഡോ പ്രീമിയം ഹെഡ്ലൈനർഷ അക്കൗസ്റ്റിക് വിൻഡ് ഷീൽഡ്, ഫുൾ സൈഡ് ഗ്ലാസ്, ഓട്ടോ നോയ്സ് കാനസലേഷൻ, പ്രീമിയം ബെർബെർ കാർപറ്റ് മാര്റ്, ഹാർമൻ/കാർദോൺ 19 സ്പീക്കർ, മൂന്നു സബ് വൂഫർ സഹിതം 825 ആംപ് മ്യൂസിക് സിസ്റ്റം ടങ്ങിയവയൊക്കെ ഈ ‘ജീപ്പി’ലുണ്ട്.

ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഫോർവേഡ് കൊളീഷൻ വാണിങ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, പാരലൽ — പെർപെൻഡിക്കുലർ പാർക്കിങ് അസിസ്റ്റ് സൗകര്യങ്ങളും എസ് യു വിയിൽ ലഭ്യമാണ്. എൽ ഇ ഡി ഫോഗ് ലാംപോടെ എത്തുന്ന ‘ഗ്രാൻഡ് ചെറോക്കീ’ക്ക് ഓൾ വീൽ ഡ്രൈവ് ശേഷിയുമുണ്ട്. ‘ജീപ്പി’ന്റെ പ്രകടനമികവിൽ ആകൃഷ്ടരായി ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ‘ഗ്രാൻഡ് ചെറോക്കീ’ സ്വന്തമാക്കിയിരുന്നു. അതേസമയം അക്ഷയ് കുമാറും ജാക്വലിൻ ഫെർണാണ്ടസും ‘കോംപസ്’ ആണു വാങ്ങിയത്.