‘ഇകോസ്പോട്ട് ടൈറ്റാനിയം എസു’മായി ഫോഡ്

Ford EcoSport

‘ഇകോസ്പോട്ടി’നു പുത്തൻ മുന്തിയ വകഭേദം അവതരിപ്പിക്കാൻ ഫോഡ് ഇന്ത്യ ഒരുങ്ങുന്നു; ‘ഇകോസ്പോട്’ ശ്രേണിയിലെ മുന്തിയ പതിപ്പായ ‘ടൈറ്റാനിയം എസ്’ മിക്കവാറും അടുത്ത മാസം വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. അടുത്തയിടെയാണു സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ പരിവർത്തനം വരുത്തി ഫോഡ് ‘ഇകോസ്പോർട്’ ശ്രേണി പരിഷ്കരിച്ചത്. 

ഇന്ത്യക്കാരുടെ അഭിരുചി തിരിച്ചറിഞ്ഞ് സൺ റൂഫ് സഹിതമാവും ‘ഇകോസ്പോട് ടൈറ്റാനിയം എസ്’ എത്തുക. ഗൺ മെറ്റൽ ഫിനിഷുള്ള സവിശേഷ അലോയ് വീൽ രൂപകൽപ്പന, കറുപ്പ് ഗ്രീൽ, ബ്ലാക്ക് ഫോഗ് ലാംപ് ഹൗസിങ്ങും ഹെഡ്ലാംപ് ഇൻസർട്ടും, ഇരട്ട വർണ ബാഹ്യ ഫിനിഷ് തുടങ്ങിയവയൊക്കെ ഈ മോഡലിനുണ്ട്. പുത്തൻ ‘ഇകോസ്പോട്ടി’ന്റെ അകത്തളത്തിലും കറുപ്പ് നിറമാണു ഫോഡ് സ്വീകരിച്ചിരിക്കുന്നത്.  ഒപ്പം പുറംഭാഗത്തെ നിറത്തോടു ചേർന്നു നിൽക്കുന്ന ഇൻസർട്ടുകളും ഇടംപിടിക്കുന്നുണ്ട്. മറ്റു വകഭേദങ്ങളിൽ നിന്നു വ്യത്യസ്തമായി ക്രോം റിങ്ങുകളുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് ഈ മോഡലിലുള്ളത്. 

സാങ്കേതികവിഭാഗത്തിൽ പുത്തൻ ആറു സ്പീഡ് ഗീയർബോക്സുമായിട്ടാവും ‘ടൈറ്റാനിയം എസ്’ എത്തുകയെന്നാണു സൂചന. നിലവിൽ വിവിധ മോഡലുകളിലുള്ള ‘ഐ ബി ഫൈവ്’ അഞ്ചു സ്പീഡ് ഗീയർബോക്സിനു പകരം ഈ പുതിയ ഗീയർബോക്സ് ഇടംപിടിക്കുമെന്നു വേണം കരുതാൻ. അതേസമയം ‘ഇകോസ്പോട്ട് ടൈറ്റാനിയം എസി’ന്റെ വില സംബന്ധിച്ച സൂചനയൊന്നും ഫോഡ് ഇന്ത്യ നൽകിയിട്ടില്ല. നിലവിലുള്ള മുന്തിയ പതിപ്പായ ‘ടൈറ്റാനിയം പ്ലസി’നു മുകളിലാവും ഈ വകഭേദത്തിന്റെ വിലയെന്നാണു സൂചന. 

‘ടൈറ്റാനിയം എസി’നു പുറമെ ‘സിഗ്നേച്ചർ എഡീഷൻ’ എന്ന പേരിൽ ‘ഇകോസ്പോട്ടി’ന്റെ പ്രത്യേക പതിപ്പും ഫോഡ് അണിയിച്ചൊരുക്കുന്നുണ്ട്. സവിശേഷ ഗ്രാഫിക്സും വേറിട്ട അലോയ് വീൽ രൂപകൽപ്പനയും റിയർ സ്പോയ്ലറുമൊക്കെയായി എത്തുന്ന ഈ ‘ഇകോസ്പോട്ട്’ വരുംമാസങ്ങളിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.