10 ലക്ഷത്തിന് താഴെ ഡീസൽ എസ്‌യുവികൾ

compact-suv
SHARE

നമ്മൾ ഇന്ത്യക്കാർക്ക് എസ് യു വികളോട് വല്ലാത്ത സ്നേഹമാണ്. മസിലും കരുത്തും മൈലേജുമുള്ള ചെറു എസ്‌യുവികളോടുള്ള ആ പ്രിയമാണ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിന്റെ വിജയ രഹസ്യം. ഹാച്ച്ബാക്ക് കഴിഞ്ഞാൽ ഏറ്റവുമധികം വിൽപ്പനയുള്ള ഈ സെഗ്‌മെന്റിലേയ്ക്കാണ് വാഹന നിർമാതാക്കളുടെയെല്ലാം നോട്ടം. മാരുതി ബ്രെസ അടക്കിവാഴുന്ന സെഗ്‌മെന്റിൽ‌ ടാറ്റയും ഫോഡും മഹീന്ദ്രയുമെല്ലാമുണ്ട്. പത്ത് ലക്ഷം രൂപയ്ക്ക് താഴെ എക്സ്ഷോറൂം വിലയുള്ള ചെറു എസ്‌യുവി സെഗ്‌മെന്റിലെ മികച്ച 5 ഡീസൽ വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

വിറ്റാര ബ്രെസ

vitara-brezza-8
Vitara Brezza

കോംപാക്റ്റ് എസ് യു വി സെഗ്‍മെന്റിൽ ഏറ്റവും അധികം വിൽപ്പനയുള്ള വാഹനമാണ് വിറ്റാര ബ്രെസ. പുറത്തിറങ്ങിയതുമുതൽ ബ്രെസയ്ക്ക് മികച്ച പ്രതികരണമാണ്. ലോകപ്രശസ്ത സുസുക്കി എസ് യു വിയായ വിറ്റാരയുടെ പേരിൽ മാരുതി ഇറക്കിയ വാഹനം. ഇതുവരെ ഇറങ്ങിയിട്ടുള്ള ആഗോള വിറ്റാരകളെയെല്ലാം തെല്ലൊന്നു ഞെട്ടിക്കും വിധം ഈ വാഹനം വിൽപനഗ്രാഫിൽ കുതിച്ചുയർന്നു. സ്റ്റൈലിങ്ങും ഗ്ലാമറും ഒരുമിച്ചു കൊണ്ടുവരുന്ന ഗ്രില്ലും എടുത്തറിയുന്ന സ്കഫ്പ്ലേറ്റുള്ള ബമ്പറും എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ് ലാംപുമെല്ലാം ബ്രെസയുടെ മനോഹാരിതയാണ്.  പെട്രോൾ എൻജിൻ മോ‍ഡലില്ല. 1.3 ലീറ്റർ മൾട്ടി ജെറ്റ് എൻജിൻ നൽകുന്ന കരുത്ത് 90 ബിഎച്ച്പി. എഎംടി മാനുവൽ ഗിയർബോക്സുകളുണ്ട്. ഇന്ധനക്ഷമത ലീറ്ററിന് 24.3 കിലോമീറ്റർ. എക്സ് ഷോറൂം വില 7.79 ലക്ഷം മുതൽ 10.48 ലക്ഷം വരെ  

ടാറ്റ നെക്സോൺ

tata-nexon-amt
Tata Nexon

ടാറ്റയുടെ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനം. മികച്ച സ്റ്റൈലും ഫീച്ചറുകളും സെഗ്മെന്റലെ ഏറ്റവും വാല്യു ഫോർ  മണി കാറുകളിലൊന്നാക്കി മാറ്റുന്നു നെക്സോണിനെ. വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ടാറ്റ നെക്സോണിന് ലഭിക്കുന്നത്. സെഗ്‌മെന്റിലെ ഏറ്റവമു മികച്ച ഫീച്ചറുകളുള്ള വാഹനമാണ് നെക്സോൺ‌. സ്മാർട്ട് വാച്ച് ഉപയോഗിച്ച് വാതിൽ തുറക്കാം, സ്റ്റാർട്ടു ചെയ്യാം. വളവ് തിരിയുന്നതിനനുസരിച്ച് വെട്ടം തരുന്ന ഹെഡ് ലാംപുകൾ, വാക്കാലുള്ള ആവശ്യങ്ങൾ അനുസരിക്കുന്ന മ്യൂസിക് സിസ്റ്റവും ഫോണും മറ്റു കാര്യങ്ങളും തുടങ്ങി നിരവധി ഫീച്ചറുകൾ.  റെവോട്രോൺ 1.2 ലീറ്റർ പെട്രോൾ, റെവോടോർക് 1.5 ലീറ്റർ ഡീസൽ എൻജിനുകൾ. നാലു സിലിണ്ടർ ഡീസൽ എൻജിന് 110 പി എസ് കരുത്തും 260 എൻ എം ടോർക്കും. മൂന്നു സിലിണ്ടർ പെട്രോൾ എൻജിനും 110 പി എസ് തന്നെ. 170 എൻ എമ്മാണ് ടോർക്. ആറു സ്പീഡ് മാനുവൽ. എ എം ടി ഗിയർബോക്സ് എന്നിവയും നെക്‌സോണിന്റെ സവിശേഷതകളാണ്. 

ഫോഡ് ഇക്കോസ്പോർട്ട്

Ford EcoSport
Ford Ecosport

കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ഇക്കോസ്പോർട്ട്. മിനി എസ് യു വി വിഭാഗത്തിലെ പുത്തൻ എതിരാളികളെ നേരിടാൻ പരിഷ്കാരങ്ങളുമായി ഫോഡ് ഇക്കോസ്പോർട്ടിന് പുതിയ പതിപ്പ് പുറത്തിറക്കിയത് അടുത്തിടെയാണ്. കാഴ്ചയിലും ഉപയോഗക്ഷമതയിലും പരിഷ്കാരങ്ങൾ പ്രതിഫലിക്കുന്ന ഇക്കോസ്പോർട്ട് ഏറ്റവും പുതിയ എതിരാളികൾക്കൊപ്പവും  ഒാടിയെത്താൻ തക്ക ശക്തിയുള്ള വാഹനമാണ്.  പഴയ 1.5 സിഗ്മ എൻജിനു പകരക്കാരനായെത്തുന്ന മൂന്നു സിലിണ്ടർ ഡ്രാഗൺ എൻജിൻ. 123 ബി എച്ച് പിയാണ് കരുത്ത്. 1.5 ലീറ്റർ ഡീസൽ എൻജിന് 100 പിഎസ് കരുത്ത്. പെട്രോളിന്റെ ഇന്ധനക്ഷമത 17 കിലോമീറ്ററും ഡീസലിന്റേത് 23 കിലോമീറ്ററും. 7.82 ലക്ഷം രൂപ മുതൽ 11.83 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

മഹീന്ദ്ര ടിയുവി 300

tuv-300
TUV 300

മഹീന്ദ്രയുടെ ചെറു എസ് യു വിയാണ് ടിയുവി. ടി യു വിയിലെ ടിയുടെ അർത്ഥം ടഫ് എന്നാണ്. കഠിനം. കാഠിന്യം കാഴ്ചയിൽത്തന്നെ പ്രകടം. ചതുര വടിവുകളുമായി ടാങ്ക് സമാന രൂപകൽപന. 1700 കിലോയോളം തൂക്കം. ഉയർന്ന നിൽപ്. ഫുട്ബോർഡ് വേണം ഉള്ളിലെത്താൻ. ജീപ്പ് തന്നെ. കാലികമായി മാറ്റങ്ങൾ വന്ന ജീപ്പ്. സുഖമായി ഓഫ് റോഡിങ് നടത്താനാവുന്ന ബോഡി. നല്ലൊന്നാന്തരം ഡാഷ് ബോർഡ്, സ്റ്റീയറിങ്, ക്യാപ്റ്റൻ സീറ്റുകൾ, മേൽത്തരം ഫാബ്രിക്, ധാരാളം സ്ഥലം, പിറകിൽ മടക്കിവയ്ക്കാവുന്ന സീറ്റുകൾ. ഫുട്ബോർഡിൽ ചവുട്ടി കയറണം എന്നെതൊഴിച്ചാൽ ബാക്കിയെല്ലാം കാറു പോലെ.എം ഹാക്ക് മൂന്നു സിലിണ്ടർ എൻജിന് 100 ബി എച്ച് പിയാണ് ശക്തി. വില 8.31 ലക്ഷം മുതൽ 10.98 ലക്ഷം വരെ. 

റെനോ ഡസ്റ്റർ

new-duster
Renault Duster

കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലെ ആദ്യ സൂപ്പർഹിറ്റ് വാഹനമാണ് ഡസ്റ്റർ. റെനോയുടെ ഒന്നാന്തരം വാഹനം. മികച്ച ബിൽഡ് ക്വാളിറ്റിയും എസ് യു വി ചന്തവും വാഹനത്തെ ചെറു എസ് യുവി പ്രേമികളുടെ ഇടയിൽ സ്വീകാര്യനാക്കുന്നു. പെട്രോൾ, ഡീസൽ എൻജിനുകളുണ്ട്. 1.5 ലീറ്റർ ഡീസൽ എൻജിൻ 85 പിഎസ്, 110 പിസ് കരുത്തുകളിൽ ലഭിക്കും. 1.5 ലീറ്റർ പെട്രോൾ എൻജിന് 106 പിഎസ് കരുത്ത്. 110 പിഎസ് എൻജിന് പത്തുലക്ഷത്തിൽ കൂടുതലായതുകൊണ്ട് പെട്രോൾ ഡീസൽ 85 പിഎസ് മോ‍ഡലുകളേ പരിഗണിച്ചിട്ടുള്ളു. വില 7.95 ലക്ഷം മുതൽ 10.94  ലക്ഷം വരെ

ഹ്യുണ്ടേയ് ക്രേറ്റ

hyundai-creta-5
Creta

ഹ്യുണ്ടേയ്‌യുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ക്രേറ്റ. 2014 ൽ ആദ്യമിറങ്ങിയപ്പോൾ ക്രേറ്റ ഒറ്റയാനായിരുന്നെങ്കിൽ ഇപ്പോൾ ജീപ്പ് കോംപസ് മുതൽ വിറ്റാര ബ്രേസ വരെ അനേക തലങ്ങളിൽ നിന്നാണു കടുത്ത വെല്ലുവിളികൾ. മുൻ നിരയിൽ തുടരാനാവശ്യമായ മാറ്റങ്ങൾ വരുത്തി പുതിയ ക്രേറ്റ വിപണിയിലെത്തിയത് അടുത്തിടെയാണ്. ഐ 20 പ്ലാറ്റ്ഫോമിലാണ് നിർമാണം. പൊതുവെ നഗര ഉപയോഗത്തിനുള്ള എസ് യു വി. വേണമെങ്കിൽ തെല്ല് ഓഫ് റോഡിങ്ങുമാകാം എന്ന തത്വത്തിൽ അധിഷ്ഠിതമായ മാറ്റങ്ങളും ബലപ്പെടുത്തലുകളുമുണ്ട്. ഭാരം തീരെ കുറച്ച് വളരെ ശക്തമായ ബോഡി നൽകുന്ന രീതിയാണിത്. സുരക്ഷ കൂടുന്നതിനൊപ്പം ഇന്ധനക്ഷമതയടക്കമുള്ള പ്രായോഗികതകളും ഉയരുന്നു. ശബ്ദവും വിറയലും നിയന്ത്രിക്കാനുമാവുമെന്നത് മറ്റൊരു മികവ്. സാന്റാഫേയോട് സാമ്യമുള്ള രൂപം. 123 പി എസ് ശക്തിയുള്ള 1.6 ഗാമാ ഡ്യുവൽ വി ടി വി ടി പെട്രോൾ, 128 പി എസ് സി ആർ ഡി ഐ ഡീസൽ എന്നിവയ്ക്കു പുറമെ 1.4 ഡീസൽ സി ആർ ഡി ഐ മോഡലുമുണ്ട്. എക്സ്ഷോറൂം വില 9.99 ലക്ഷം മുതൽ ആരംഭിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA