ഫോഡിന്റെ ‘ഫ്രീസ്റ്റൈൽ’ അരങ്ങേറ്റം 26ന്

Ford Freestyle

കോംപാക്ട് യൂട്ടിലിറ്റി വാഹന(സി യു വി)മായ ‘ഫ്രീസ്റ്റൈൽ’ 26ന് അരങ്ങേറ്റം കുറിക്കുമെന്ന് യു എസ് നിർമാതാക്കളായ ഫോഡ്. അവതരണത്തിനു മുന്നോടിയായി ‘ഫ്രീസ്റ്റൈലി’നുള്ള ബുക്കിങ്ങുകളും ഫോഡ് ഇന്ത്യ സ്വീകരിച്ചു തുടങ്ങി. 11,000 രൂപ അഡ്വാൻസ് ഈടാക്കിയാണു ഫോഡ് ‘ഫ്രീസ്റ്റൈൽ’ ബുക്കിങ്ങുകൾ സ്വീകരിക്കുന്നത്.ഹാച്ച്ബാക്കായ ‘ഫിഗൊ’യ്ക്കും കോംപാക്ട് എസ് യു വിയായ ‘ഇകോ സ്പോർട്ടി’നും മധ്യത്തിലായാണു ക്രോസോവറായ ഫോഡ് ‘ഫ്രീസ്റ്റൈൽ’ ഇടംപിടിക്കുക. ഫോഡ് ശ്രേണിയിലെ ആദ്യ ക്രോസോവറായ ‘ഫ്രീസ്റ്റൈൽ’ ഇന്ത്യയിൽ ഫോക്സ്വാഗൻ ‘പോളോ ക്രോസ്’, ഹോണ്ട ‘ഡബ്ല്യു ആർ — വി’, ഫിയറ്റ് ‘അവെഞ്ചുറ’ തുടങ്ങിയവയോടാണു മത്സരിക്കുക. 

വിലയേറിയ മിനി എസ് യു വികളുടെ രൂപകൽപ്പനാഘടങ്ങളാണു പുത്തൻ ക്രോസോവറിനായി ഫോഡ് കടമെടുത്തിരിക്കുന്നത്. ചലനാത്മകവും ത്രിമാന രൂപകൽപ്പനയുള്ളതുമായ സവിശേഷ ഗ്രില്ലാണു ‘ഫ്രീസ്റ്റൈലി’ലുമുള്ളത്. മുൻബംപറുമായി സംയോജിപ്പിച്ച സ്കിഡ് പ്ലേറ്റും കൊത്തിയെടുത്ത ഘകടങ്ങളും ‘ഫ്രീസ്റ്റൈലി’നു കൂടുതൽ കാഴ്ചപ്പകിട്ട് പകരുന്നുണ്ട്. 

‘ഫിഗൊ’ പ്ലാറ്റ്ഫോം അടിത്തറയാവുന്ന ‘ഫ്രീസ്റ്റൈൽ’ പെട്രോൾ, ഡീസൽ എൻജിനുളോടെ വിൽപ്പനയ്ക്കുണ്ടാവും. പുതിയ ശ്രേണിയിലെ മൂന്നു സിലിണ്ടർ, ഡ്രാഗൺ എൻജിനുകളാണു ‘ഫ്രീസ്റ്റൈലി’നു കരുത്തേകുക; 1.2 ലീറ്റർ ടി ഐ വി സി ടി പെട്രോളും 1.5 ലീറ്റർ ടി ഡി സി ഐ ഡീസലും. പെട്രോൾ എൻജിന് പരമാവധി 96 പി എസ് കരുത്തും 120 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും; ഡീസൽ എൻജിനാവട്ടെ 100 പി എസ് വരെ കരുത്തും 215 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ‘2017 ഇകോ സ്പോർട്ടി’ലൂടെയായിരുന്നു ഇരു എൻജിനുകളും അരങ്ങേറ്റം കുറിച്ചത്.

മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗോടെ എത്തുന്ന ‘ഫ്രീസ്റ്റൈലി’ൽ സിങ്ക് ത്രീ, ആരര ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ലഭ്യമാവും. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ടി സി എസ്, ഇ ബി ഡി സഹിതം എ ബി എസ്, സവിശേഷ ട്യൂണിങ്ങോടെ ഇ പി എസ് തുടങ്ങിയവയൊക്കെ ‘ഫ്രീസ്റ്റൈലി’ലുണ്ട്.