Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗം സൃഷ്ടിച്ച് ‘അപാച്ചെ ആർ ടി ആർ 310’

TVS Apache RR 310 TVS Apache RR 310

ടി വി എസിന്റെ പ്രീമിയം ബൈക്കായ ‘അപാച്ചെ ആർ ടി ആർ 310’ വിപണിയുടെ മനം കവരുന്നു. ആവശ്യക്കാരേറിയതോടെ പുത്തൻ ‘അപാച്ചെ ആർ ടി ആർ 310’ സ്വന്തമാക്കാൻ പല നഗരങ്ങളിലും ഒന്നു മുതൽ നാലു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്.ചില പ്രത്യേക നിറങ്ങൾ തിരഞ്ഞെടുക്കുന്നവരാണു ബൈക്ക് ലഭിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടി വരുന്നതെന്നു പറയപ്പെടുന്നു; റേസിങ് റെഡ് നിറമുള്ള ‘അപാച്ചെ’ ലഭിക്കാനാണു കാലതാമസമേറെ. അതേസമയം റേസിങ് ബ്ലാക്ക് നിറത്തിലുള്ള ബൈക്ക് താരതമ്യേന വേഗത്തിൽ ലഭ്യമാണ്. 

എന്നാൽ മുംബൈയിൽ ഇരു നിറങ്ങളിലുമുള്ള ബൈക്ക് ലഭിക്കാൻ രണ്ടു മാസത്തെ കാത്തിരിപ്പ് വേണ്ടിവരുമെന്നാണു ഡീലർമാരുടെ നിലപാട്. ഡൽഹിയിലാവട്ടെ കറുപ്പ് ബൈക്ക് ഒന്നു രണ്ടു മാസത്തിനകം ചുവപ്പ് മൂന്നു മാസത്തിനകവും ലഭിക്കും. കേരളത്തിലാവട്ടെ ഇരു നിറങ്ങളും ലഭിക്കാൻ നാലു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും പറയപ്പെടുന്നു. പ്രാരംഭകാല ആനുകൂല്യമെന്ന നിലയിൽ 2.05 ലക്ഷം രൂപ വില നിശ്ചയിച്ചായിരുന്നു കഴിഞ്ഞ ഡിസംബറിൽ ടി വി എസ് മോട്ടോർ കമ്പനി ‘അപാച്ചെ ആർ ആർ 310’ വിൽപ്പനയ്ക്കെത്തിച്ചത്. ഈ പരിമിതകാല ആനുകൂല്യം എത്രകാലം തുടരുമെന്നു ടി വി എസ് ‘അപാച്ചെ ആർ ആർ 310’ അവതരണവേളയിൽ കമ്പനി വ്യക്തമാക്കിയിരുന്നില്ല.

എന്നാൽ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചപ്പോൾ തന്നെ  ശബ്ദകോലാഹലമില്ലാതെ ടി വി എസ് ‘അപാച്ചെ ആർ ആർ 310’ ബൈക്കിനു വിലയും വർധിപ്പിച്ചു. പ്രാരംഭ വിലയെ അപേക്ഷിച്ച് 8,000 രൂപ വർധനയോടെ 2.13 ലക്ഷം രൂപയ്ക്കാണു കമ്പനി ഇപ്പോൾ മഹാരാഷ്ട്രയിലെ ഷോറൂമുകളിൽ ‘അപാച്ചെ ആർ ആർ 310’ വിൽക്കുന്നത്. ഇതോടെ ‘കെ ടി എം ആർ സി 390’, ‘അപാച്ചെ ആർ ആർ 310’ ബൈക്കുകൾ തമ്മിൽ വിലയിരുള്ള അന്തരം 13,000 രൂപയായി കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ ‘അപാച്ചെ ആർ ആറി’ന് 2.23 ലക്ഷം രൂപ വിലയുള്ളപ്പോൾ ‘ആർ സി 390’ 2.36 ലക്ഷം രൂപയ്ക്കു ലഭിക്കും. 

ബി എം ഡബ്ല്യുവിന്റെ ‘ജി 310 ആർ’ ആധാരമാക്കി സാക്ഷാത്കരിച്ച ‘അപാച്ചെ ആർ ആർ 310’ ആണു ടി വി എസ് ശ്രേണിയിലെ ഏറ്റവും വിലയേറിയ ബൈക്ക്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ശാലയിലാണു കമ്പനി ഈ ബൈക്ക് നിർമിക്കുന്നത്; ബി എം ഡബ്ല്യുവിനു വേണ്ടിയുള്ള ബൈക്കുകളും ഇതേ ശാലയിലാണു നിർമിക്കുന്നത്. ‘അപാച്ചെ ആർ ആർ 310’ ബൈക്കിനു കരുത്തേകുന്നത് 312 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്; 9,000 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,700 ആർ പി എമ്മിൽ 27.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മണിക്കൂറിൽ 160 കിലോമീറ്ററാണു ബൈക്കിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.