‘മുംബൈ ഇന്ത്യൻസ് നെക്സണു’മായി ടാറ്റ

Tata Nexon

കുട്ടിക്രിക്കറ്റ് മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ ഔദ്യോഗിക കാർ സ്പോൺസർമാരാണു ടാറ്റ മോട്ടോഴ്സ്. ടൂർണമെന്റിൽ ‘മാൻ ഓഫ് ദ് സീരീസി’നു സമ്മാനമായി ലഭിക്കുക ടാറ്റയുടെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘നെക്സൻ’ ആവും. ഐ പി എൽ ആവേശം പങ്കുവയ്ക്കാൻ ടാറ്റ മോട്ടോഴ്സ് കോംപാക്ട് എസ് യു വിയായ ‘നെക്സ’ന്റെ പരിമിതകാല പതിപ്പും പുറത്തിറക്കി; ‘മുംബൈ ഇന്ത്യൻസ് ഐ പി എൽ എഡീഷൻ’ എന്നാണ് ഈ ‘നെക്സ’നു പേര്.

പരിമിതകാല പതിപ്പായ ‘നെക്സ’ന്റെ മുൻ ഫെൻഡറിലും പിന്നിലെ ഹാച്ച് ലിഡ്ഡിലും മുംബൈ ഇന്ത്യൻസ് ടീമിന്റെ മുദ്ര പതിച്ചിട്ടുണ്ട്. നീലയും വെള്ളിയും കലർന്ന നിറത്തിലെത്തുന്ന ‘നെക്സ’ന്റെ ബംപറിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ നിറമായ മഞ്ഞയിലുള്ള ഇൻസർട്ടുകളുമുണ്ട്. ഹുഡിലാവട്ടെ കോൺട്രാസ്റ്റിനായി കറുപ്പ് ജി ടി സ്ട്രൈപ്പുമുണ്ട്. റൂഫ് റാപ്പിലാവട്ടെ ബ്ലൂ മാറ്റ് ഫിനിഷാണ്. ക്രിക്കറ്റിന് ഇന്ത്യയിലുള്ള ജനപിന്തുണയും ഐ പി എൽ ടീമുകൾക്കുള്ള ആരാധക സമ്മതിയും പരിഗണിക്കുമ്പോൾ ഈ പരിമിതകാല ‘നെക്സ’ന് ആവശ്യക്കാരേറുമെന്ന് ഉറപ്പാണ്. എങ്കിലും  ഈ പരിമിതകാല ‘നെക്സൻ’ ഔപചാരികമായി വിൽപ്പനയ്ക്കെത്തുമോ എന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സംവിധാനമുള്ള ‘നെക്സൻ’ അവതരണത്തിനും അരങ്ങൊരുങ്ങുന്നുണ്ട്. പെട്രോൾ, ഡീസൽ എൻജിനുകളോടെ ലഭ്യമാവുന്ന ഈ ‘നെക്സൻ’ സാങ്കേതികതികവിന്റെ പിൻബലത്തിൽ എ എം ടി സഹിതമെത്തുന്ന മോഡലുകളിൽ ബഹുദൂരം മുന്നിലാവും. മികച്ച സുരക്ഷയ്ക്കായി ഹിൽ ഹോൾഡ്, മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ മികച്ച പ്രകടനം ഉറപ്പാക്കാൻ കിക്ക്ഡൗൺ ഓപ്ഷൻ എന്നിവയൊക്കെ ‘നെക്സൻ എ എം ടി’യുടെ സവിശേഷതകളാവും.

പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം ആറു സ്പീഡ് എ എം ടിയാണ് ട്രാൻസ്മിഷൻ സാധ്യത. ‘നെക്സണി’ലെ 1.2 ലീറ്റർ റെവോട്രോൺ ടർബോചാർജ്ഡ് പെട്രോൾ എൻജിന് 110 പി എസ് വരെ കരുത്തും 170 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. 1.5 ലീറ്റർ റെവൊടോർക് ടർബോചാർജ്ഡ് ഡീസൽ എൻജിൻ സൃഷ്ടിക്കുക 110 പി എസ് വരെ കരുത്തും 260 എൻ എം ടോർക്കുമാണ്. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടോടെയാണ് ‘നെക്സൻ’ എത്തുന്നത്; ഓൾ വീൽ ഡ്രൈവ് സൗകര്യം ഏർപ്പെടുത്താൻ ടാറ്റ മോട്ടോഴ്സിനു തൽക്കാലം പദ്ധതിയില്ല.