വില കൂട്ടില്ല, രൂപമാറ്റവുമായി എത്തും ടൊയോട്ട ബലേനൊയും ബ്രെസയും

Toyota Maruti

മാരുതി സുസുക്കിയിൽ നിന്നു കടമെടുക്കുന്ന മോഡലുകൾക്ക് അമിത വില ഈടാക്കില്ലെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട. സുസുക്കിയുടെ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യും പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യും ബാഡ്ജ് എൻജിനീയറിങ് വ്യവസ്ഥയിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനാണു ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ഒരുങ്ങുന്നത്.  വാഹനം കടമെടുക്കുന്നവർ ബാഡ്ജ് എൻജീനീയർ ചെയ്ത മോഡലുകൾ പ്രീമിയം വ്യവസ്ഥയിൽ വിൽക്കുന്നതാണ് വാഹന ലോകത്തെ പതിവു രീതി. എന്നാൽ മാരുതി സുസുക്കി വിൽക്കുന്നതിനു സമാനമായ നിരക്കിൽ ‘വിറ്റാര ബ്രേസ’യും ‘ബലേനൊ’യും വിപണിയിലെത്തിക്കുമെന്നാണു ടി കെ എം ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ രാജയുടെ വിശദീകരണം.

ഈ വിഷയയത്തിൽ അന്തിമ അഭിപ്രായത്തിനു സമയമായിട്ടില്ലെന്നും രാജ പ്രതികരിച്ചു. എങ്കിലും സ്വന്തം ബ്രാൻഡിൽ ‘വിറ്റാര ബ്രേസ’യും ‘ബലേനൊ’യും വിൽപ്പനയ്ക്കെത്തിക്കുമ്പോൾ വിലയുടെ കാര്യത്തിൽ മാരുതി സുസുക്കിയുമായി തുല്യത പാലിക്കേണ്ടി വരുമെന്നാണു തന്റെ പ്രതീക്ഷ. ഇരുകമ്പനികളും വിപണിയിലിറക്കുന്ന മോഡലുകൾ തമ്മിൽ വ്യത്യാസം സൃഷ്ടിക്കുന്നതും വെല്ലുവിളിയാവുമെന്നു രാജ കരുതുന്നു. അതുപോലെ തന്നെ ക്ലേശകരമാണ് വിലയുടെ കാര്യത്തിൽ മാരുതി സുസുക്കിയുമായി സന്തുലനം പാലിക്കുന്നതുമെന്നു രാജ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഏറ്റവും വിൽപ്പനയുള്ള പ്രീമിയം ഹാച്ച്ബാക്കാണു  മാരുതി സുസുക്കിയുടെ  ‘ബലേനൊ’; മാസം തോറും 15,000 യൂണിറ്റിലേറെ വിൽപ്പന നേടി മുന്നേറുന്ന കാർ മാരുതിക്ക് തകർപ്പൻ ലാഭമാണു നേടിക്കൊടുക്കുന്നത്. കയറ്റുമതിക്കൊപ്പം ടൊയോട്ടയ്ക്കുള്ള വിൽപ്പന കൂടിയാവുന്നതോടെ ‘ബലേനൊ’യുടെ ഉൽപ്പാദനം ഇനിയും ഉയരുകയും ലാഭം വർധിക്കുകയും ചെയ്യുമെന്നാണു മാരുതി സുസുക്കിയുടെ കണക്കുകൂട്ടൽ. 

രണ്ട് പെട്രോൾ എൻജിനുകളും ഡീസൽ എൻജിനുമായാണ് ‘ബലേനൊ’ വിപണിയിലുള്ളത്; പെട്രോൾ എൻജിനൊപ്പം മാനുവൽ, ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഡീസൽ എൻജിന് കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രമാണ്. ബാഡ്ജ് എൻജിനീയറിങ്ങിനു ശേഷം ടൊയോട്ടയ്ക്കും ഈ എൻജിനുകളും ട്രാൻസ്മിഷനുകളും ലഭിക്കുമോ എന്നു കാത്തിരുന്നു കാണാം.

‘വിറ്റാര ബ്രേസ’യാവട്ടെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള സബ് കോംപാക്ട് എസ് യു വിയാണ്; പ്രതിമാസം 10,000 യൂണിറ്റിലേറെയാണ് ‘വിറ്റാര ബ്രേസ’യുടെ വിൽപ്പന. ടർബോചാർജ്ഡ് ഡീസൽ എൻജിനോടെ മാത്രം വിപണിയിലുള്ള എസ് യു വിയുടെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. ടൊയോട്ടയുടെ പക്കലെത്തുമ്പോഴും ‘വിറ്റാര ബ്രേസ’യിൽ സാങ്കേതികമായ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല.