Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോയുമായി ലയനം ആവശ്യമില്ലെന്നു നിസ്സാൻ

nissan

ഫ്രഞ്ച് പങ്കാളിയായ റെനോയുമായി ലയിക്കുകയെന്ന ആശയം നിരർഥകമാണെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹിരൊറ്റൊ സായ്കാവ. ഇരുകമ്പനികളുടെയും ലയനത്തിനായി ഫ്രഞ്ച് സർക്കാർ ഊർജിത ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രവർത്തന സ്വാതന്ത്യ്രം സുപ്രധാനമാണെന്ന നിലപാടിലാണു സായ്കാവ. 

കമ്പനികളെ പൂർണമായും സംയോജിപ്പിക്കുന്നതിൽ കാര്യമായ നേട്ടമില്ലെന്നും സായ്കാവ അഭിപ്രായപ്പെട്ടു. അനാവശ്യ ലയനത്തിന്റെ ഫലമായി വിവിധ പ്രത്യാഘാതങ്ങൾ നേരിടുമെന്നു വിലയിരുത്തിയ സായ്കാവ അവ എന്തൊക്കെയെന്നു വിശദീകരിക്കാൻ സന്നദ്ധനായില്ല. നിസ്സാനും റെനോയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നടപടികളാണ് ഇരുപങ്കാളികളും കഴിഞ്ഞ മാസം ചർച്ച ചെയ്തിരുന്നത്. റെനോയിൽ ഫ്രഞ്ച് സർക്കാരിനുള്ള 15% ഓഹരി പങ്കാളിത്തം നിസ്സാൻ ഏറ്റെടുക്കുന്നതും ചർച്ചയായിരുന്നു.

നിലവിൽ റെനോയിൽ 15% ഓഹരി പങ്കാളിത്തമാണു നിസ്സാനുള്ളത്; എന്നാൽ ജാപ്പനീസ് കമ്പനിക്കു വോട്ടവകാശം അനുവദിച്ചിട്ടില്ല. അതേസമയം നിസ്സാന്റെ 43.4% ഓഹരികൾ റെനോയുടെ പക്കലാണ്; പരിമിതമായ നിയന്ത്രണാധികാരവും നിസ്സാനിൽ റെനോയ്ക്കുണ്ട്. റെനോയും ജപ്പാനിൽ നിന്നു തന്നെയുള്ള മിറ്റ്സുബിഷിയുമായി നിലവിലുള്ള ത്രികക്ഷി ധാരണ തുടരാനാണു നിസ്സാനു താൽപര്യമെന്നും സായ്കാവ വ്യക്തമാക്കുന്നു. ഇതോടൊപ്പം മാനേജ്മെന്റ് തലത്തിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കണമെന്നുമാണു നിസ്സാന്റെ നിലപാട്.