പരിഷ്കരിച്ച ‘സിയാസി’ൽ പുത്തൻ എൻജിനും

സെഡാനായ ‘സിയാസി’നെ പരിഷ്കരിക്കാനുള്ള ഒരുക്കത്തിലാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2014ലെ അരങ്ങേറ്റത്തിനു ശേഷമുള്ള ആദ്യ സമഗ്ര പരിഷ്കാരവുമായി പുതിയ ‘സിയാസ്’ മിക്കവാറും ജൂലൈയോടെ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്നത്.  സാധാരണ കാഴ്ചയിലെ മാറ്റങ്ങളും സൗകര്യങ്ങളിലെയും സംവിധാനങ്ങളിലെയും വ്യത്യാസങ്ങളുമാണ് ഇത്തരം ഇടക്കാല പരിഷ്കാരങ്ങളിൽ നടപ്പാവുക. എന്നാൽ ‘2018 സിയാസി’ൽ പുതിയ എൻജിൻ തന്നെ ഘടിപ്പിക്കാനാണു മാരുതി സുസുക്കി ഒരുങ്ങുന്നത്; പുതിയ ‘കെ 15 ബി’ പെട്രോൾ എൻജിനോടെയാവും പരിഷ്കരിച്ച ‘സിയാസി’ന്റെ വരവെന്നാണു സൂചന.

നിലവിൽ കാറിലുള്ള 1.4 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 92 ബി എച്ച് പി കരുത്താണു സൃഷ്ടിച്ചിരുന്നത്;  പരമാവധി ടോർക്കാവട്ടെ 130 എൻ എമ്മും. അതുകൊണ്ടുതന്നെ എതിരാളികളായ ഹോണ്ട ‘സിറ്റി’യെ അപേക്ഷിച്ച് ‘സിയാസി’ലെ എൻജിനു കരുത്ത് കുറവാണെന്ന ആക്ഷേപവും ശക്തമായിരുന്നു. എന്നാൽ പുതിയ 1,462 സി സി പെട്രോൾ എൻജിൻ എത്തുന്നതോടെ കഥ മാറുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ; 104 ബി എച്ച് പിയോളം കരുത്തും 138.4 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു പ്രാപ്തിയുണ്ട്. 

മാരുതി സുസുക്കി ശ്രേണിയിലെ വിവിധ മോഡലുകൾക്ക് ‘കെ ശ്രേണി’യിലെ എൻജിനുകൾ കരുത്തേകുന്നുണ്ട്. മികച്ച ഇന്ധനക്ഷമതയും പ്രകടനക്ഷമതയും സുഗമമായ പ്രവർത്തനവുമൊക്കെ ഈ ശ്രേണിയുടെ സവിശേഷതയാണ്. ‘സിയാസി’നു കരുത്തേകാൻ എത്തുന്ന പുതിയ എൻജിൻ വൈകാതെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യിലും ഇടംപിടിക്കുമെന്നാണു സൂചന. മുൻ — പിൻ ബംപറുകൾ പരിഷ്കരിക്കുന്നതിനൊപ്പം ഹെഡ്ലാംപിലും ടെയിൽ ലാംപിലുമുള്ള മാറ്റങ്ങളും പുത്തൻ ‘സിയാസി’ൽ പ്രതീക്ഷിക്കാം. ലൈറ്റുകളിൽ എൽ ഇ ഡിയും ഇടംപിടിച്ചേക്കാം.