മോദിയുടെ ജർമനിയിലെ യാത്ര അതിസുരക്ഷാ ബെൻസിൽ

Mercedes Maybach S 600 Pullman Guard

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാൻ അതിസുരക്ഷ വാഹനം തന്നെ വേണം. സ്വന്തം നാട്ടിൽ ബോംബ് ആക്രമണം പോലും ചെറുക്കുന്ന ബിഎം‍ഡബ്ല്യു 7 സീരിസ് ഹൈസെക്യൂരിറ്റിയിലും ലാൻഡ് റോവറിലും സഞ്ചരിക്കുന്ന മോദി തങ്ങളുടെ നാട്ടിലെത്തുമ്പോൾ സുരക്ഷയ്ക്കും ആ‍ഡംബരത്തിനും ഒരു കുറവും വരുത്താൻ പാടില്ല. അടുത്തിടെ ജർമനി സന്ദർശിച്ച പ്രധാനമന്ത്രി മോദിക്ക് സഞ്ചരിക്കാൻ ഒരുക്കിയ വാഹനത്തിന്റെ വിശേഷങ്ങളാണിപ്പോൾ സമൂഹമാധ്യങ്ങളിൽ ചർച്ചയാകുന്നത്. ബെൻസിന്റെ ഏറ്റവും സുരക്ഷിത വാഹനം എന്ന് ഖ്യാതിയുള്ള എസ് 600 പുൾമാൻ ഗാർഡ്  ലിമോയാണ് ജർമനിയിലെ മോദിയുടെ യാത്രയ്ക്കായി ഒരുക്കിയത്. 

നമ്മുടെ രാഷ്ട്രപതി അടക്കം നിരവധി രാജ്യതലവന്മാർ ഉപയോഗിക്കുന്ന എസ് 600 പുൾമാൻ ഗാർഡ് ലിമോയുടെ പുതിയ പതിപ്പ് ബെൻസ് പ്രദർശിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. ഏകദേശം 10 കോടി രൂപ വില വരും കാറിന്. സാദാ എസ് 600 പുൾമാനെക്കാൾ മൂന്നിരട്ടി വില വരുന്ന ഈ കാറിൽ അത്യാധുനിക സുരക്ഷ സംവിധാനങ്ങളെല്ലാമുണ്ട്. വിആർ 9 ബാലസ്റ്റിക്ക് പ്രൊട്ടക്ഷൻ പ്രകാരം നിർമിച്ച വാഹനത്തിൽ സഞ്ചരിക്കുന്നവർ പൂർണ്ണ സുരക്ഷിതരായിരിക്കും എന്നാണ് കമ്പനി പറയുന്നത്. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും. ഇൻ ബിൽറ്റ് ഫയർ സെക്യൂരിറ്റിയുണ്ട് കാറിൽ. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്. 

കാഴ്ചയിൽ നിന്ന് എസ് 600 പുൾമാൻ ലിമോയിൽ നിന്ന് വലിയ വ്യത്യാസം തോന്നാത്ത എക്സ്റ്റീരിയറാണ്. എന്നാൽ സാധാരണ കാറിനെക്കാൾ ഇരട്ടിയിൽ അധികം ഭാരക്കൂടുതലുണ്ട് ഗാർഡിന്. ഏകദേശം 5.6 ടണ്ണാണ് പുൾമാൻ ഗാർഡിന്റെ ഭാരം. 6.50 മീറ്റർ നീളവുമുണ്ട് ഈ ലിമോയ്ക്ക്. ഡ്രൈവർ ക്യാബിനും പാസഞ്ചർ ക്യാബിനും തമ്മിൽ  സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു. 

സുരക്ഷയ്ക്ക് മാത്രമല്ല അത്യാ‍ഡംബരത്തിനും പ്രാധാന്യം നൽകിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. പിന്നിൽ രണ്ട് പ്രധാന സീറ്റുകളും കൂടാതെ മടക്കി വെയ്ക്കാവുന്ന രണ്ട് സീറ്റുകളുമാണുള്ളത്. ഏറ്റവും മികച്ച ലതറിലാണ് ഉൾഭാഗം നിർമിക്കുന്നത്. പിൻസീറ്റ് യാത്രക്കായി കാറിന്റെ റൂഫിൽ പുറത്തെ താപനില, വാഹനത്തിന്റെ നിലവിലെ വേഗ എന്നിവ കാണിക്കുന്ന ഡിസ്പ്ലെയുണ്ട്. കൂടാതെ ജി.പി.എസ് സാറ്റലൈറ്റ് നാവിഗേറ്റര്‍, നിരവധി എയർബാഗുകൾ എന്നിവയുണ്ട്.  മെബാക്ക് എസ് 600 പുൾമാൻ ഗാർഡ് ലിമോയെ ചലിപ്പിക്കുന്നത് 6 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ്. 530 ബിഎച്ച്പി കരുത്തും 1900 ആർപിഎമ്മിൽ 830 എൻഎം ടോർക്കും നൽകും ഈ എൻജിൻ.