‘നെക്സനി’ൽ സൺറൂഫ് ഘടിപ്പിച്ചു ടാറ്റ

Tata Nexon

കോംപാക്ട് എസ് യു വിയായ ‘നെക്സണി’ൽ ടാറ്റ മോട്ടോഴ്്സ് ഔദ്യോഗികമായി തന്നെ സൺറൂഫ് ഘടിപ്പിച്ചു തുടങ്ങി. ‘നെക്സ’ന്റെ എല്ലാ വകഭേദങ്ങളിലും ഘടിപ്പിച്ചു നൽകുന്ന സൺറൂഫിന് 16,053 രൂപയാണു ടാറ്റ മോട്ടോഴ്സ് അധികമായി ഈടാക്കുക. വൈദ്യുത സഹായത്തോടെ പ്രവർത്തിക്കുന്നതിനു പകരം കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സൺറൂഫ് യൂണിറ്റാണു ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നത്. ഏതാനും ദിവസം മുമ്പാണു ‘നെക്സ’ന്റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) വകഭേദം ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയത്. 9.41 ലക്ഷം രൂപ മുതലാണ് ‘നെക്സൻ എ എം ടി’യുടെ ഡൽഹിയിലെ ഷോറൂം വില.

ഇകോ, സിറ്റി, സ്പോർട് എന്നീ മൾട്ടി ഡ്രൈവ് മോഡോടെ ലഭ്യമാവുന്ന ആദ്യ എ എം ടി മോഡലാണ് ‘നെക്സൻ ഹൈപ്പർ ഡ്രൈവ് എസ് — എസ് ജി’യെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. ക്ലച് പെഡൽ ആവശ്യമില്ലാത്ത സാങ്കേതികവിദ്യയെ സ്മാർട് ഷിഫ്റ്റ് ഗീയർ(എസ് എസ് ജി) എന്നാണു ടാറ്റ മോട്ടോഴ്സ് വിളിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം ടാറ്റ മോട്ടോഴ്സ് എസ് എസ് ജി വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ എ എം ടിയുടെ വില 9.41 ലക്ഷം രൂപയിൽ തുടങ്ങുമ്പോൾ ഡീസൽ പതിപ്പിന്റെ വില 10.30 ലക്ഷം രൂപയിലാണ് ആരംഭിക്കുക.

എ എം ടിക്കു പുറമെ ഉടമസ്ഥന്റെ ഇഷ്ടത്തിനൊത്ത് ‘നെക്സൻ’ അണിയിച്ചൊരുക്കാൻ അവസരം നൽകുന്ന ഓൺലൈൻ കസ്റ്റമൈസേഷൻ പ്ലാറ്റ്ഫോമായ ‘ഇമാജിനേറ്റ’റും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. കാഴ്ചപ്പകിട്ട് പകരുന്നതിനൊപ്പം സ്വന്തം ഇഷ്ടപ്രകാരമുള്ള അക്സസറികൾ ഘടിപ്പിക്കാനും ‘ഇമാനിജിനേറ്റർ’ വഴിയൊരുക്കുന്നുണ്ട്.