ആധിപത്യം പൂർണ്ണമാക്കാൻ പുതു നിറത്തിനൊപ്പം സുരക്ഷ കടുപ്പിച്ച് വിറ്റാര ബ്രെസ

Brezza, Representative Image

തകർപ്പൻ വിൽപ്പന കൈവരിച്ചു മുന്നേറുന്ന കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യിൽ ചില്ലറ പരിഷ്കാരം കൂടി വരുത്താൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. പുത്തൻ വർണങ്ങൾ വിൽപ്പനയ്ക്കെത്തുന്നതിനൊപ്പം സുരക്ഷാ വിഭാഗത്തിൽ ചില മാറ്റങ്ങളുമാണു ‘വിറ്റാര ബ്രേസ’യിൽ നടപ്പാവുന്നത്. ഒപ്പം ‘വിറ്റാര ബ്രേസ’യുടെ  ‘എൽ ഡി ഐ (ഒ)’, ‘വി ഡി ഐ (ഒ), എന്നീ വകഭേദങ്ങൾ പിൻവലിക്കാനും മാരുതി സുസുക്കി ഒരുങ്ങുന്നുണ്ട്. പകരം ഈ വകഭേദങ്ങളിലെ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്), ഇരട്ട എയർബാഗ് എന്നിവ സാധാരണ ‘എൽ ഡി ഐ’, ‘വി ഡി ഐ’ പതിപ്പുകളിൽ ലഭ്യമാക്കാനാണു നീക്കം. ഇതോടെ ‘വിറ്റാര ബ്രേസ’ ശ്രേണിയിൽ മൊത്തത്തിൽ തന്നെ എ ബി എസും ഇരട്ട എയർബാഗും ലഭിക്കും.

മുന്തിയ വകഭേദങ്ങളിലാണു പുതിയ വർണ സങ്കലനങ്ങളും കറുപ്പ് അലോയ് വീലും ഇടംപിടിക്കുക. കടും ഓറഞ്ച് നിറം അരങ്ങേറ്റം കുറിക്കുന്നതോടെ ‘വിറ്റാര ബ്രേസ’യിൽ ഇപ്പോഴുള്ള നീല നിറം പിൻവാങ്ങുമെന്നാണു സൂചന. ഇതിനപ്പുറം ‘വിറ്റാര ബ്രേസ’യിൽ സാങ്കേതികമായ മാറ്റത്തിനൊന്നും മാരുതി സുസുക്കി മുതിരില്ല. കോംപാക്ട് എസ് യു വിക്കു കരുത്തേകുക പ്രകടനമികവു തെളിയിച്ച 1.3 ലീറ്റർ, 90 ബി എച് പി എൻജിനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് തന്നെയാണു ട്രാൻസ്മിഷൻ.

സുരക്ഷാ വിഭാഗം കരുത്തുറ്റതാക്കി എതിരാളികളായ ടാറ്റ ‘നെക്സ’നുമായും ഫോഡ് ‘ഇകോസ്പോർട്ടു’മായുള്ള മത്സരം ശക്തമാക്കാനാണു മാരുതി സുസുക്കിയുടെ പദ്ധതി. ഇതോടൊപ്പം പുതുനിറം കൂടിയാവുന്നതോടെ ‘വിറ്റാര ബ്രേസ’യ്ക്കു പുതുമയേറുമെന്നു നിർമാതാക്കൾ കരുതുന്നു.

അടുത്തയിടെ ‘നെക്സ’ന്റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) വകഭേദം ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിരുന്നു. ഫോഡാവട്ടെ ‘ഇകോസ്പോർട്ടി’ലെ പെട്രോൾ എൻജിനൊപ്പം ടോർക് കൺവർട്ടർ ഓപ്ഷൻ അവതരിപ്പിച്ചു. ‘വിറ്റാര ബ്രേസ’യ്ക്കാവട്ടെ പെട്രോൾ എൻജിനുമില്ല ഓട്ടമാറ്റിക് ഗീയർബോക്സുമില്ല എന്നതാണ് സ്ഥിതി; പോരെങ്കിൽ ‘വിറ്റാര ബ്രേസ’ കൈവരിക്കുന്ന തകർപ്പൻ വിൽപ്പന പരിഗണിക്കുമ്പോൾ അടുത്തൊന്നും ഈ കുറവു പരിഹരിക്കാൻ മാരുതി സുസുക്കിക്കു പദ്ധതിയുമുണ്ടെന്നു തോന്നുന്നില്ല.