Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഫീൽഡിന്റെ ഇരട്ടകൾ ഈ വർഷം തന്നെ

royal-enfield-intercepter-gt-1 Royal Enfield Interceptor 650 And Continental GT 65

റോയൽ എൻഫീൽഡിന്റെ പുതിയ ബൈക്കുകൾക്കായി കാത്തിരിക്കുന്നവർക്കൊരു സന്തോഷ വാർത്ത. എൻഫീൽഡിന്റെ ഇരട്ടകൾ ഉടൻ തന്നെ ഇന്ത്യയിലെത്തും. രണ്ടു–മൂന്നു മാസത്തിനുള്ളിൽ പുതിയ ബൈക്കിനെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റോയൽ എൻഫീൽഡ് സിഇഒ സിദ്ധാർത്ഥ ലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. മിഡിൽ വെയിറ്റ് ക്യാറ്റഗറിയിലേയ്ക്ക് റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന ബൈക്കുകൾ അടുത്തിടെ ഓസ്ട്രേലിയയിൽ പ്രദർശിപ്പിച്ചിരുന്നു.  വാഹനത്തിന്റെ അവിടുത്തെ പുറത്തിറക്കിൽ ജൂൺ/ജൂലൈ മാസങ്ങളിൽ നടക്കും അതിനുശേഷം ബൈക്ക് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയൻ വിപണിയിൽ ഇന്റർസെപ്റ്ററിന് എകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്റൽ ജിടിക്ക് 4.5 ലക്ഷം രൂപയുമാണ്. എന്നാൽ ഇന്ത്യയിൽ പുറത്തിറങ്ങുമ്പോള്‍ ബൈക്കുകൾക്ക് വില കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Royal Enfield Interceptor 650 & Continental GT 650 Royal Enfield Interceptor 650 And Continental GT 65

ഇറ്റലിയിലെ മിലാനിൽ നടന്ന ടൂവീലർ മോട്ടോർ ഷോയിലാണ് റോയൽ എൻഫീൽ‍ഡ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നീ പുതിയ രണ്ടു ബൈക്കുകളെ പ്രദർശിപ്പിച്ചത്. ചരിത്രത്തിലാദ്യമായി റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പാരലൽ ട്വിൻ എൻജിനുമായി എത്തുന്ന ബൈക്കുകൾ വിപണിയിൽ വിജയം കൊയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.  റോയൽ എൻഫീൽഡിന്റെ തന്നെ ഇന്റർസെപ്റ്റർ മാർക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റർസെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 2013ൽ എൻഫീൽഡ് പുറത്തിറക്കിയ കഫേ റേസർ ബൈക്ക് കോണ്ടിനെന്റൽ ജിടിയുടെ രൂപവും ഭാവവുമാണ് പുതിയ ജിടിക്ക്. ഇരുബൈക്കുകൾക്കും പുതിയ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്.   

648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാൻസ്മിഷൻ. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററും ചെന്നൈയിലെ ടെക്നിക്കൽ സെന്ററും സംയുക്തമായാണു പുതിയ എൻജിൻ വികസിപ്പിച്ചത്.  

പുതിയ ബൈക്കുമായെത്തുന്നത് 800 സിസി ബൈക്കുകളുമായി മത്സരിക്കാനല്ലെന്നും പുതിയൊരു സെഗ്‌മെന്റ് നിർമിക്കാനാണ് ശ്രമിക്കുന്നതെന്നും റോയൽ എൻഫീൽഡ് സിഇഒ സിദ്ധാർഥ് ലാൽ പറയുന്നു. കൂടാതെ 130–140 കിലോമീറ്റർ വേഗതയിൽ ക്രൂസ് ചെയ്യാൻ ബൈക്കിനു സാധിക്കുമെന്നും സിദ്ധാർഥ് പറയുന്നു.  റോയൽ എൻഫീൽഡിന്റെ ഗ്ലോബൽ ബൈക്കായിരിക്കും ഇത്. ഇന്ത്യ, യുഎസ്എ, കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങൾക്കു പുറമെ യൂറോപ്പിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും പുതിയ ബൈക്ക് വിൽപ്പനയ്ക്കെത്തും.