വിപണി പിടിച്ചടക്കാൻ മാരുതി

Swift

അടുത്ത ദശാബ്ദത്തിന്റെ അവസാനത്തോടെ പ്രതിവർഷം 50 ലക്ഷം കാർ വിൽക്കാൻ ലക്ഷ്യമിട്ടു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). 2022 — 23 ആകുന്നതോടെ വാർഷിക വിൽപ്പന 25 ലക്ഷം യൂണിറ്റിലെത്തുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. 20 ലക്ഷം യൂണിറ്റെന്ന വാർഷിക വിൽപ്പന മുമ്പ് നിശ്ചയിച്ചതിലും ഒന്നര വർഷം മുമ്പു തന്നെ കൈവരിക്കാൻ കഴിയുന്നതാണു മാരുതി സുസുക്കിക്കു പുതിയ ആത്മവിശ്വാസം പകരുന്നത്. വരുംദശാബ്ദത്തിലും ഇന്ത്യൻ യാത്രാവാഹന വിപണിയിൽ 50% വിഹിതമാണു മാരുതി സുസുക്കി മോഹിക്കുന്നത്. 

അനുബന്ധ ഘടകങ്ങൾ നിർമിച്ചു നൽകുന്ന സപ്ലയർമാർക്കുള്ള സന്ദേശത്തിലാണു രാജ്യത്തെ വാഹന വിൽപ്പന ലക്ഷ്യം സംബന്ധിച്ച പ്രതീക്ഷകൾ മാരുതി സുസുക്കി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ നാലു വർഷങ്ങളിലും രാജ്യത്തെ വാഹന വ്യവസായം മൊത്തത്തിൽ നേടിയതിലേറെ വിൽപ്പന വളർച്ച കൈവരിക്കാൻ വിപണിയിൽ നേതൃസ്ഥാനത്തുള്ള മാരുതി സുസുക്കിക്കു സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഉൽപ്പാദനശേഷിയിലും ആധുനിക സാങ്കേതികവിദ്യകളിലും ഗണ്യമായ നിക്ഷേപം നടത്തി മുന്നേറ്റത്തിൽ പങ്കാളികളാവാനാണു സപ്ലയർമാരോട് മാരുതി സുസുക്കിയുടെ ആഹ്വാനം. 

കഴിഞ്ഞ ഏപ്രിലിൽ ആഭ്യന്തര വിൽപ്പനയിൽ റെക്കോഡ് പ്രകടനമാണു മാരുതി സുസുക്കി കാഴ്ചവച്ചത്; 1.65 ലക്ഷം യൂണിറ്റ് വിൽപ്പനയോടെ 55% വിപണി വിഹിതവും കമ്പനി സ്വന്തമാക്കി. ഈ നില തുടരാൻ സാധിച്ചാൽ നടപ്പു സാമ്പത്തിക വർഷത്തെ വിൽപ്പന 20 ലക്ഷം യൂണിറ്റിനടുത്തെത്തും. 2017 — 18ൽ കയറ്റുമതിയടക്കം 17.70 ലക്ഷം യൂണിറ്റ് വിൽപ്പനയായിരുന്നു മാരുതി സുസുക്കി കൈവരിച്ചത്.

മുമ്പ് നിശ്ചയിച്ച 20 ലക്ഷം യൂണിറ്റെന്ന വിൽപ്പന ലക്ഷ്യം ഏറെക്കുറെ കൈവരിച്ച സാഹചര്യത്തിലാണു മാരുതി സുസുക്കി ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതെന്നു സപ്ലയർമാർ വെളിപ്പെടുത്തുന്നു. 2020ൽ 20 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന ലക്ഷ്യം മാരുതി സുസുക്കി പ്രഖ്യാപിച്ചപ്പോൾ ആദ്യമൊന്നും വിശ്വാസം തോന്നിയിരുന്നില്ലെന്നും അവർ വ്യക്മാക്കുന്നു. എന്നാൽ 20 ലക്ഷമെന്ന ലക്ഷ്യം കൈവരിച്ച സാഹചര്യത്തിലാണു മാരുതി സുസുക്കി ഇപ്പോൾ പ്രതിവർഷം 25 ലക്ഷം കാറുകൾ വിൽക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുന്നത്.

നിശ്ചയിച്ചതിലും മുമ്പേ വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്ന ചരിത്രമാണു മാരുതിയുടേത്. എങ്കിലും പ്രതിവർഷം 50 ലക്ഷം യൂണിറ്റ് വിൽപ്പനയൊക്കെ അവിശ്വസനീയമാണെന്നു സപ്ലയർമാർ വിലയിരുത്തുന്നു. എങ്കിലും മാരുതിയുടെ മുന്നേറ്റത്തിനൊത്തു മുന്നേറാൻ സന്തോഷമെന്ന നിലപാടിലാണ്  പ്രമുഖ വാഹന ഘടക നിർമാണ കമ്പനികൾ.