റോൾസ് റോയ്സിന്റെ വജ്രം കള്ളിനൻ

Rolls Royce Cullinan

ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ എസ് യു വിയുമായി റോൾസ് റോയ്സ്. ചരിത്രത്തിൽ ആദ്യമായി കമ്പനി നിർമിക്കുന്ന  എസ് യു വിയെയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഏകദേശം 3.25 ലക്ഷം ഡോളറാണ് (2.18 കോടി രൂപ) കള്ളിനാന്റെ വില. കാഴ്ചയിൽ എസ് യു വിയോടുള്ള സാമ്യം പ്രകടമെങ്കിലും എല്ലാ പ്രതലത്തിനും അനുയോജ്യമായ ഹൈ സൈഡഡ് വാഹനമെന്നാണു റോൾസ് റോയ്സ്, കള്ളിനനെ വിശേഷിപ്പിക്കുന്നത്. 

Rolls Royce Cullinan

ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ ‘കള്ളിനൻ ഡയമണ്ടി’ൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ്  കണ്ടെത്തിയത്. അസാധാരണമായ മോഡലിന് തീർത്തും അനുയോജ്യമായ പേരാണിത് എന്നാണ് കമ്പനി പറയുന്നത്.  ഇതാദ്യമായാവും റോൾസ് റോയ്സ് എസ് യു വി മേഖലയിലേക്കു ചുവട് വയ്ക്കുന്നത്; അതുപോലെ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിൽ കമ്പനി പുറത്തിറക്കുന്ന ആദ്യ മോഡലുമാവും കള്ളിനൻ. റോള്‍സ് റോയ്‌സ് ഫാന്റത്തിനോട് സാമ്യം തോന്നുന്ന മുൻ ഡിസൈനാണ്. ഫാന്റത്തിലൂടെ അരങ്ങേറ്റം കുറിച്ച പുത്തൻ, അലൂമിനിയം നിർമിത സ്പേസ് ഫ്രെയിം ഷാസി തന്നെയാവും കള്ളിനന്റെയും അടിത്തറ. 

Rolls Royce Cullinan

ആഡംബരം തുളുമ്പുന്ന ഉൾഭാഗമാണ്. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. റോൾസ് റോയ്സിന്റെ സെഡാനായ ‘ഫാന്റ’ത്തിലെ 6.8 ലീറ്റർ, വി 12 എൻജിൻ തന്നെയാവും ‘കള്ളിന’നും കരുത്തേകുകയെന്നാണു സൂചന; 571 ബി എച്ച് പി വരെ കരുത്തും 900 എൻ എമ്മോളം ടോർക്കുമാവും ഈ എൻജിൻ സൃഷ്ടിക്കുക. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.