അച്ഛനും അമ്മയ്ക്കും ജീപ്പ് കോംപസ് സമ്മാനിച്ച് മകൻ – വിഡിയോ

Image Capture From YouTube Video

വിപണിയിലെത്തിയ നാൾ മുതലേ എസ് യു വി പ്രേമികളുടെ സ്വപ്ന വാഹനമാണ് ജീപ്പ് കോംപസ്. ഇന്ത്യക്കാരുടെ എസ് യു വി പ്രേമത്തെ മനസിലാക്കി പോക്കറ്റിലൊതുങ്ങുന്ന വിലയിൽ കോംപസിനെ പുറത്തിറക്കിയതോടെ ജീപ്പിന്റെ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായി മാറി ഈ എസ് യു വി. ജീപ്പ് കോംപസ് സ്വന്തമാക്കുക എന്ന അച്ഛന്റെ അമ്മയുടേയും ആഗ്രഹം സഫലമാക്കിയിരിക്കുന്നു ഹൈദരാബാദ് സ്വദേശി സ്വബോധ് കുമാർ എന്ന മകൻ

സന്തോഷം കൊണ്ട് കണ്ണുനിറയുന്ന നിമിഷങ്ങളുള്ള വി‍ഡിയോ കോംപസ് സമ്മാനിച്ച സുബോധ് കുമാർ തന്നെയാണ് പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ സുബോധിനെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്ത് വന്നു. കഠിന പ്രയത്നം നടത്തിയാണ് ജീപ്പ് കോംപസ് വാങ്ങിയതെന്നും അച്ഛന്റേയും അമ്മയുടേയും സന്തോഷത്തിൽ താൻ സംതൃപ്തനാണെന്നും സുബോധ് പറയുന്നു.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.20 ലക്ഷം മുതല്‍ 21.41 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.