തകർക്കാനുള്ളത് ഇന്നോവ, കോംപസ്, ബ്രെസ; കൊടുങ്കാറ്റാകാൻ കിയ

Kia

'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ' എന്ന രജനി ഡയലോഗ് കടമെടുക്കുകയാണു കിയ മോട്ടോഴ്സ്. ഇന്ത്യയിലെത്താൻ അൽപ്പം വൈകിയെങ്കിലും വിപണിയെ വിറപ്പിക്കാനുള്ള മരുന്നുകളുമായിട്ടാണ് കിയ എത്തുന്നത്. ചെറു എസ് യു വിയുമായിട്ടാണ് ആദ്യമെത്തുക എങ്കിലും പിന്നീട് ഏകദേശം 18ൽ അധികം വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SP Concept

ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് ‘എസ് പി’യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പതിപ്പ് അടുത്ത വർഷം മധ്യത്തോടെ പുറത്തിറക്കാനാകുമെന്നാണ് കിയയുടെ പ്രതീക്ഷ. നാലുമീറ്ററിൽ താഴെ നീളമുള്ള ചെറു എസ് യു വികളായ ഫോഡ് ഇക്കോസ്പോർട്ട്, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന എസ് പി കൺസെപ്റ്റിന് ശേഷം ജീപ്പിനും എക്സ്‌യുവിക്കും ഇന്നോവയ്ക്കും എതിരാളിയുമായി ക്രിയ എത്തും.

Stonic

തുടക്കത്തിൽ യു വി സെഗ്്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും കിയ ശ്രമിക്കുക. മഹീന്ദ്ര എക്സ്‌യുവി, ജീപ്പ് കോംപസ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനായി നിറോ എസ്‌യുവിയേയും ക്രേറ്റയുമായി മത്സരിക്കാൻ സ്റ്റോണിക്കുനേയുംഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്യൻ വിപണിയിലുള്ള നിറോ എസ്‌യുവിയിൽ 1.6 ലീറ്റർ എൻജിനും 1.56 കെ‍ഡബ്ല്യുഎച്ച് ലിഥിയം അയൺ ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. ഏകദേശം 147 ബിഎച്ച്പി കരുത്തും 147 എൻഎം ടോർക്കും നൽകും നിറോ. 1.2 ലീറ്റർ, 1.0 പെട്രോൾ എൻജിനുകളും 1.6 ലീറ്റർ ഡീസൽ എൻജിനുമാണ്   സ്റ്റോണിക്കിൽ‌. പെട്രോൾ എൻജിനുകളുടെ കരുത്ത് 84 ബിഎച്ച്പിയും 120 ബിഎച്ച്പിയും ഡീസൽ എൻജിന്റെ കരുത്ത് 110 ബിഎച്ച്പിയുമാണ്. 

Grand Carnival

എംയുവി വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായി തുടരുന്ന ഇന്നോവയ്ക്കുള്ള എതിരാളിയെയും കിയ ഇന്ത്യയിലെത്തിക്കും. പ്രീമിയം ക്വാളിറ്റിയും സെഗ്്മെന്റിലെ തന്നെ പല പുതിയ ഫീച്ചറുകളുമായി എത്തുന്ന ഗ്രാൻഡ് കാർണിവെൽ ഇന്നോവയ്ക്ക് പറ്റിയ എതിരാളിയാണെന്നാണ് കമ്പനി വിശ്വസിക്കുന്നത്. നിലവിൽ‌ നോർത്ത് അമേരിക്കൻ വിപണിയിലെ സജീവ സാന്നിധ്യമായ ഗ്രാൻഡ് കാർണിവെല്ലിൽ 7–8 സീറ്റർ, പതിനൊന്ന് സീറ്റർ കോൺഫിഗറേഷനുകളുണ്ട്. 200 ബിഎച്ച്പി കരുത്തു പകരുന്ന 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.

ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഏപ്രിലിലാണു കിയ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയ്ക്കായി 110 കോടി ഡോളറാണ് (ഏകദേശം 7,185 കോടി രൂപ) കമ്പനി നിക്ഷേപിക്കുന്നത്. 2019 പകുതിയോടെ കാർ ഉൽപ്പാദനം ആരംഭിക്കാൻ ലക്ഷ്യമിട്ടാണു ശാലയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കിയ ശാലയ്ക്കു പുറമെ രാജ്യത്തെ ആദ്യ ലിഥിയം അയൺ ബാറ്ററി നിർമാണകേന്ദ്രവും ആന്ധ്രയിലാണ് വരിക.