സുരക്ഷാഭടന്മാർക്ക് ബിഎംഡബ്ല്യു, എൻഡവർ; ഇത് അംബാനി സ്റ്റൈൽ

ScreenGrab

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്  രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയ്ക്ക്. അതുകൊണ്ടുതന്നെ സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് അംബാനിയുടെ യാത്രകൾ. ആ യാത്രകളിൽ,  പഴയ സർക്കാർ വാഹനത്തിൽ തനിക്കു പോലീസ് സുരക്ഷ ഒരുക്കിയാൽ, അതിൽപരം  നാണക്കേട്  രാജ്യത്തെ ഏറ്റവും വലിയ ധനികനുണ്ടോ ? അതിസുരക്ഷ എസ് ക്ലാസിലും ബിഎംഡഡബ്ല്യു 7 സീരിസിലുമെല്ലാം സഞ്ചരിക്കുന്ന അംബാനി, തന്റെ അന്തസ്സിനു ചേർന്ന വാഹനങ്ങളിൽ  സുരക്ഷാഉദ്യോഗസ്ഥർ  തന്നെ അനുഗമിച്ചാൽ മതിയെന്ന് തീരുമാനിച്ചു. ഫലമോ? പോലീസുകാർക്ക് കിട്ടി പഴയ സർക്കാർ വാഹനങ്ങൾക്കു പകരം  75 ലക്ഷത്തിന്റെ  ബിഎംഡബ്ല്യു എക്സ് 5 മുതൽ ടൊയോട്ട ഫോർച്യൂണർ വരെ. പ്രതിമാസം 15 ലക്ഷം രൂപ തന്റെ സുരക്ഷയ്ക്കായി ചെലവിടുന്ന അംബാനിയ്‌ക്കൊപ്പം 36 സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും കാണും. എസ് യു വികളുടെ നീണ്ട നിരയുണ്ട് അംബാനിയുടെ വാഹനവ്യൂഹത്തിൽ. ആ എസ് യു വികൾ ഏതൊക്കെയെന്നറിയേണ്ടേ?

ബിഎംഡബ്ല്യു എക്സ് 5

ഏകദേശം 75 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യുവാണ് മുകേഷ് അംബാനി തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കു വാങ്ങിനൽകിയത്. ഒന്നും രണ്ടുമല്ല 5 ബിഎംഡബ്ല്യുവാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ പേരിൽ മുകേഷ് അംബാനി വാങ്ങിയത്. 285 ബിഎച്ച്പി കരുത്തുള്ള എക്സ് 5 മോഡലാണ് സുരക്ഷാ ചുമതലയുള്ള സിആർപിഎഫിനായി വാങ്ങിയിരിക്കുന്നത്. ബീക്കൺ ലൈറ്റും സിആർപിഎഫിന്റെ ഔദ്യോഗിക ചിഹ്നവും ഘടിപ്പിച്ചാണ് ഈ ആഡംബര എസ് യു വികൾ ഇനി അകമ്പടി സേവിക്കുക. 

ഫോഡ് എൻഡവർ

മുകേഷ് അംബാനിയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന മറ്റൊരു വാഹനമാണ് ഫോഡ് എൻഡവർ. നിത അംബാനിയുടെ സുരക്ഷാഭടന്മാരാണ് ഫോഡ് എൻഡവർ‌ ഉപയോഗിക്കുന്നത്. ബീക്കൺ ലൈറ്റും സിആർപിഎഫിന്റെ ഔദ്യോഗിക ചിഹ്നവും ഇതിലും കാണാൻ സാധിക്കും.  3.2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എൻഡവറിന് 197 ബിഎച്ച്പി കരുത്തും 470 എൻഎം ടോർക്കുമുണ്ട്.

ടൊയോട്ട ഫോർച്യൂണർ

ടൊയോട്ടയുടെ ഫോർച്യൂണറിന്റെ പുതിയ പതിപ്പും പഴയ പതിപ്പും അംബാനിയുടെ വാഹന വ്യൂഹത്തിലുണ്ട്. ഏകദേശം 6 പുതിയ ഫോർച്യൂണറുകൾ അംബാനിയുടെ സുരക്ഷഭടന്മാർക്കായുണ്ട്. 147 ബിഎച്ച്പി കരുത്തുള്ള 2.4 ലീറ്റർ ഡീസൽ എൻജിനും 161 ബിഎച്ച്പി കരുത്തുള്ള 2.7 ലീറ്റർ‌ പെട്രോൾ എൻജിനും ഫോർച്യൂണറിന് കരുത്തായുണ്ട്. 

സിആർ–വി, സ്കോർപ്പിയോ

സിആർപിഎഫിന്റേയൊ പൊലീസിന്റെയോ ചിഹ്നങ്ങൾ പതിക്കാത്ത സിആർ–വി അംബാനിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായുണ്ടാവാറുണ്ട്. അംബാനിയുടെ സ്വകാര്യ സുരക്ഷാഭടന്മാരുടേതാണ് ഇതെന്ന് കരുതുന്നു. കൂടാതെ മഹാരാഷ്ട്ര പൊലീസിന്റെ സ്കോർപ്പിയോയും അംബാനിയുടെ വാഹനവ്യൂഹത്തിൽ‌ ഇടം പിടിക്കാറുണ്ട്. പൊതു പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അത്തരത്തിൽ പൊലീസ് അകമ്പടി സേവിക്കാറ്.