ഒറ്റ ചാർജിൽ 300 കിലോമീറ്റർ, സൂപ്പർഹിറ്റാകാൻ ഹോണ്ട ജാസ്

Jazz (Fit) EV 2012, Japanese version

ഹാച്ച്ബാക്കായ ‘ജാസി’ന്റെ (പല വിദേശ വിപണികളിലെയും ‘ഫിറ്റ്’) വൈദ്യുത പതിപ്പ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണു ഹോണ്ട. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 300 കിലോമീറ്റർ ഓടാൻ വൈദ്യുത ‘ജാസി’നു കഴിയുമെന്നാണു പ്രതീക്ഷ. പോരെങ്കിൽ 18,000 ഡോളർ(ഏകദേശം 12.20 ലക്ഷം രൂപ) രൂപ വിലയ്ക്കാവും ഹോണ്ട ഈ ‘ജാസ്’ വിൽപ്പനയ്ക്കെത്തിക്കുയെന്നാണു സൂചന; ഇതോടെ നിലവിൽ വിപണിലിയുള്ള വൈദ്യുത മോഡലുകളായ നിസ്സാൻ ‘ലീഫ്’, ടെസ്ല ‘മോഡൽ ത്രീ’ തുടങ്ങിയവയെ അപേക്ഷിച്ചു വളരെ കുറഞ്ഞ വിലയ്ക്കാണു ഹോണ്ട ‘ജാസി’നെ പടയ്ക്കിറക്കുന്നത്.

വൈദ്യുത കാറുകൾക്കു മികച്ച വിപണന സാധ്യതയുള്ള ചൈനീസ് വിപണി ലക്ഷ്യമിട്ടാണു ഹോണ്ട ബാറ്ററിയിൽ ഓടുന്ന ‘ജാസ്’ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ‘ജാസി’ന്റെ വൈദ്യുതീകരണത്തിനായി ചൈനയിലെ ഏറ്റവും വലിയ ബാറ്ററി നിർമാതാക്കളായ കണ്ടംപററി ആംപെറെക്സ് ടെക്നോളജി(സി എ ടി എൽ)യുമായി ഹോണ്ട ധാരണയിലെത്തിയിട്ടുമുണ്ട്. 

ഇന്ത്യയെ പോലെ വൈദ്യുത കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമൊക്കെ മികച്ച പ്രോത്സാഹനമാണു ചൈനയും വാഗ്ദാനം ചെയ്യുന്നത്. ഇളവുകളും ആനുകൂല്യങ്ങളുമൊക്കെ ലഭ്യമാണെന്നതിനാൽ ചൈനയ്ക്കു പിന്നാലെ ഈ ‘ജാസ്’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്താൻ സാധ്യതയേറെയാണ്.  അതേസമയം, നയത്തിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് ഇന്ത്യയിലെ മോഡൽ ശ്രേണി വൈദ്യുതീകരിക്കുന്നതു സംബന്ധിച്ചു ഹോണ്ട ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒപ്പം തന്നെ സാഹചര്യം അനുകൂലമാവുന്ന പക്ഷം സങ്കര ഇന്ധന മോഡലുകളും വൈദ്യുത കാറുകളും വിൽപ്പനയ്ക്കെത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

നിലവിൽ രണ്ട് എൻജിൻ സാധ്യതകളോടെയാണു ‘ജാസ്’ ഇന്ത്യയിലുള്ളത്: 87 ബി എച്ച് പി വരെ കരുത്തും 110 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന 1.2 ലീറ്റർ, ഐ വി ടെക് പെട്രോൾ എൻജിനും 1.5 ലീറ്റർ, ഐ ഡി ടെക് ടർബോചാർജ്ഡ് ഡീസൽ എൻജിനും. 98.6 ബി എച്ച് പി വരെ കരുത്തും 200 എൻ എം വരെ ടോർക്കുമാണ് ഡീസൽ എൻജിൻ സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. ഡീസൽ എൻജിനൊപ്പമാവട്ടെ ആരു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ലഭിക്കുക.