15,000 യൂണിറ്റ് തിളക്കത്തോടെ മക്‌ലാരൻ

ബ്രിട്ടീഷ് സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ മക്ലാരൻ ഉൽപ്പാദനത്തിൽ 15,000 യൂണിറ്റ് പൂർത്തിയാക്കി. തിളക്കമുള്ള നീല നിറത്തിലുള്ള ‘570 എസ്’ റോഡ്സ്റ്ററാണു മക്‌ലാരന്റെ മൊത്തം ഉൽപ്പാദനം 15,000 എണ്ണത്തിലെത്തിച്ചത്. സ്വതന്ത്ര കാർ നിർമാതാക്കളെന്ന നിലയിൽ 2011ലായിരുന്നു മക്‌ലാരന്റെ അരങ്ങേറ്റം; എം പി ഫോർ — 12 സി ആയിരുന്നു ആദ്യ മോഡൽ. പിന്നീട് ‘650 സി’യും ‘720 എസു’മെത്തി. നിലവിൽ  750 എസ് ആണ് നിർമാണത്തിലുള്ളത്. ഇതോടൊപ്പം ‘സ്പോർട്സ് സീരീസി’ൽ ‘570 എസ്’ കൂപ്പെ, റോഡ്സ്റ്റർ എന്നിവയും ‘540 സി’ കൂപ്പെയും റോഡ്സ്റ്ററും മക്ലാരൻ നിർമിക്കുന്നുണ്ട്. മക്‌ലാരൻ ശ്രേണിയിലെ ഏറ്റവും ജനപ്രിയ മോഡലും ‘570 എസ് റോഡ്സ്റ്റർ’ ആണ്. മക്‌ലാരന്റെ ഉൽപ്പാദനത്തിൽ 60 ശതമാനത്തോളം ‘സ്പോർട് സീരീസ്’ കാറുകളാണ്. 

വിപണിയിൽ നിന്നുള്ള ആവശ്യമേറിയതോടെ പ്രതിദിനം ഇരുപതോളം കാറുകളാണു മക്‌ലാരൻ നിർമിക്കുന്നത്; പ്രതിമാസം 278 എണ്ണവും. 2016ലായിരുന്നു മക്‌ലാരന്റെ മൊത്തം ഉൽപ്പാദനം 10,000 യൂണിറ്റിലെത്തിയത്. സൂപ്പർ കാറായ ‘720 എസ്’ നിർമാണം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു അത്. പിന്നീട് ട്രാക്ക് ലക്ഷ്യമിട്ടുള്ള ഹൈപ്പർകാറായ ‘സെന്ന’യും മക്‌ലാരൻ പടയ്ക്കിറക്കിയിരുന്നു. 

മക്‌ലാരൻ ഓട്ടമോട്ടീവിനെ സംബന്ധിച്ചിടത്തോളം ഉൽപ്പാദനം 15,000 യൂണിറ്റ് പിന്നിടുന്നതു നിർണായക നാഴികക്കല്ലാമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മൈക്ക് ഫ്ളൂവിറ്റ് അഭിപ്രായപ്പെട്ടു. 10,000 യൂണിറ്റ് പിന്നിട്ട് 18 മാസത്തിനകമാണ് കമ്പനി പുതിയ നേട്ടം കൈവരിക്കുന്നത് എന്നത് ഉൽപ്പാദനത്തിലും വിൽപ്പനയിലും മക്ലാരൻ കൈവരിച്ച മികവിനു തെളിവാണ്. വളർച്ചയ്ക്ക് കരുത്തേകുന്നതു ‘സ്പോർട്സ് സീരീസ്’ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൂപ്പർ, സ്പോർട്സ്, ഹൈപ്പർ കാറുകൾക്കു പിന്നാലെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ മക്‌ലാരൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. 

‘ഉറുസി’ലൂടെ നേട്ടം കൊയ്യുന്ന ലംബോർഗ്നിയെ പോലെ ഉൽപ്പാദനത്തിലും വിൽപ്പനയിലും വൻ മുന്നേറ്റം ലക്ഷ്യമിട്ടാണു മക്ലാരന്റെ ഈ ചുവടുമാറ്റം. യു കെയിലെ വോക്കിങ്ങിലുള്ള കമ്പനി ആസ്ഥാനത്ത് നിർമിച്ച 15,000 സൂപ്പർ കാറുകൾക്കു പുറമെ മെഴ്സീഡിസ് ബെൻസുമായി സഹകരിച്ചും മക്‌ലാരൻ മുമ്പു കാറുകൾ പുറത്തിറക്കിയിട്ടുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പ് ഹൈപ്പർകാറായ ‘എസ് എൽ ആർ’ പിറന്നത് ഈ കൂട്ടുകെട്ടിലായിരുന്നു.