സി ബി എസോടെ സുസുക്കി ‘അക്സസ് 125’

കംബൈൻഡ് ബ്രേക്ക് സംവിധാന(സി ബി എസ്)ത്തോടെ സുസുക്കിയുടെ ഗീയർരഹിത സ്കൂട്ടറായ ‘അക്സസ് 125’ വിൽപ്പനയ്ക്കെത്തി. ഇതോടൊപ്പം ‘അക്സസി’ന്റെ പരിമിതകാല പതിപ്പും സുസുക്കി വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്; മെറ്റാലിക് സോണിക് സിൽവർ നിറമുള്ള സ്കൂട്ടറിൽ ബീജ് നിറമുള്ള ലതറെറ്റ് സീറ്റും സുസുക്കി ലഭ്യമാക്കുന്നുണ്ട്. സി ബി എസോടെ എത്തുന്ന 125 സി സി ‘അക്സസി’ന് 58,980 രൂപയാണു ഡൽഹി ഷോറൂമിൽ വില; പരിമിതകാല പതിപ്പിനാവട്ടെ 60,580 രൂപയുമാണു വില.

ഇടത്തെ ലീവർ വഴി തന്നെ മുൻ — പിൻ ബ്രേക്കുകളുടെ പ്രവർത്തനം സാധ്യമാവുമെന്നതാണു സ്കൂട്ടറിൽ നടപ്പാക്കിയ കംബൈൻഡ് ബ്രേക്ക് സിസ്റ്റ(സി ബി എസ്)ന്റെ സവിശേഷത. മുന്നിലെയും പിന്നിലെയും ബ്രേക്ക് ഫോഴ്സ് തമ്മിൽ സന്തുലനം കൈവരിക്കുന്നു എന്നതാണ് സി ബി എസിന്റെ ആകർഷണം. ചില സാഹചര്യങ്ങളിൽ വാഹനം നിർത്താൻ ആവശ്യമായ ദൂരം കുറയ്ക്കാനും സി ബി എസിനു കഴിയുമെന്നാണു സുസുക്കിയുടെ അവകാശവാദം. 

പരിമിതകാല ‘അക്സസി’നു പഴമയുടെ പകിട്ടേകാനായി കറുപ്പ് നിറമുള്ള അലോയ് വീൽ, ഗ്രാബ് റെയിൽ, വൃത്താകൃതിയുള്ള ക്രോം മിറർ തുടങ്ങിയവയൊക്കെയുണ്ട്. പ്രത്യേക പതിപ്പ് എന്നു വിളംബരം ചെയ്യുന്ന ലോഗോയും സ്കൂട്ടറിലുണ്ട്. മെറ്റാലിക് സോണിക് സിൽവറിനു പുറമെ മെറ്റാലിക് മാറ്റ് ബ്ലാക്ക്, പേൾ മിറാഷ് വൈറ്റ് നിറങ്ങളിലും ഈ പരിമിതകാല ‘അക്സസ്’ ലഭിക്കും. അതേസമയം സി ബി എസാവട്ടെ ഇതോടൊപ്പം പേൾ സുസുക്കി ഡീപ് ബ്ലൂ, കാൻഡി സൊനോമ റെഡ്, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, മെറ്റാലിക് ഫിബ്രൊയ്ൻ ഗ്രേ നിറങ്ങളിലും ലഭ്യമാണ്. 

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനൊപ്പം ഈ വിഭാഗത്തിൽ തന്നെ നേതൃസ്ഥാനമുള്ള സ്കൂട്ടറാണ് ‘അക്സസ് 125’ എന്ന് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ് എം ഐ പി എൽ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) സജീവ് രാജശേഖരൻ അഭിപ്രായപ്പെട്ടു. കരുത്തിന്റെയും ഇന്ധനക്ഷമതയുടെയും പ്രീമിയം അപ്പീലിന്റെയും സമന്വയമാണ് ഈ സ്കൂട്ടർ. പണത്തിനൊത്ത മൂല്യം വാഗ്ദാനം ചെയ്യുന്ന സ്കൂട്ടറിൽ സി ബി എസ് കൂടിയെത്തുന്നന്നതോടെ ‘അക്സസി’നെ കൂടുതൽ ആകർഷകമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

എസ് ഇ പി സാങ്കേതികവിദ്യയുടെ പിൻബലമുള്ള 125 സി സി എൻജിനാണ് ‘അക്സസി’നു കരുത്തേകുന്നത്. പരമാവധി 8.57 ബി എച്ച് പി വരെ കരുത്തും 10.2 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 64 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ‘അക്സസി’നു സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഹോണ്ട ‘ആക്ടീവ 125’, ‘ഏപ്രിലിയ എസ് ആർ 125’, ടി വി എസ് ‘എൻ ടോർക് 125’ എന്നിവയാണ് ‘അക്സസി’ന്റെ എതിരാളികൾ.