ഇന്ധന സെൽ: ഫോഡും ഡെയ്മ്‍ലറും വഴി പിരിയുന്നു

Ford & Daimler

ഇന്ധന സെൽ സാങ്കേതികവിദ്യ വികസനത്തിനായി രൂപീകരിച്ച സംയുക്ത സംരംഭം അവസാനിപ്പിക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനിയും ജർമൻ വാഹന നിർമാതാക്കളായ ഡെയ്മ്‍ലർ എ ജിയും തീരുമാനിച്ചു. പരസ്പര സഹകരണം ഉപേക്ഷിച്ച് സ്വന്തം നിലയിൽ ഇന്ധന സെൽ സാങ്കേതികവിദ്യാ വികസനവുമായി മുന്നോട്ടു പോകാനാണ് ഇരുകമ്പനികളുടെയും നീക്കം.

ബ്രിട്ടീഷ് കൊളംബിയയിലെ ബർണബൈ ആസ്ഥാനമായി ഇരുകമ്പനികളും ചേർന്നു രൂപീകരിച്ച ഓട്ടമോട്ടീവ് ഫ്യുവൽ സെൽ കോഓപ്പറേഷൻ കോർപറേഷൻ ഈ വേനൽക്കാലത്തു തന്നെ പ്രവർത്തനം അവസാനിപ്പിക്കുമെന്നു ഫോഡ് ആണു വ്യക്തമാക്കിയത്.  സ്വന്തം നിലയിൽ ഇന്ധന സെൽ സ്റ്റാക്ക് വികസനം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ ഓട്ടമോട്ടീവ് ഫ്യുവൽ സെൽ കോഓപ്പറേഷൻ കോർപറേഷൻ ഇക്കൊല്ലം തന്നെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണു ഫോഡിന്റെ വിശദീകരണം. 

ലോകത്തിലെ മുൻനിര വാഹന നിർമാതാക്കളും ധാരാളം സ്റ്റാർട് അപ് കമ്പനികളും കനത്ത നിക്ഷേപം നടത്തി വർഷങ്ങളായി ഗവേഷണം തുടരുന്നുണ്ടെങ്കിലും ഇന്ധന സെൽ വാഹനങ്ങൾക്കു കാര്യമായ പ്രചാരം കൈവരിക്കാനായിട്ടില്ല. തികച്ചും പരിസ്ഥിതി സൗഹൃദമെങ്കിലും ആഗോള വാഹന വിപണിയിൽ ഇത്തരം വാഹനങ്ങളുടെ പങ്കാവട്ടെ നാമമാത്രവുമാണ്.

ഫോഡ് — ഡെയ്മ്‍ലർ  സഖ്യം പോലെ ഇന്ധന സെൽ വികസനം ലക്ഷ്യമിട്ടു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനിയും യു എസിലെ ജനറൽ മോട്ടോഴ്സ് കമ്പനിയും സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനിലെ ടൊയോട്ട മോട്ടോർ കോർപറേഷനാവട്ടെ ഫ്യുവൽ സെൽ സ്റ്റാക്കുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇന്ധന സെൽ വികസന രംഗത്തു സഹകരിക്കാൻ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയും ബല്ലാഡ് പവർ സിസ്റ്റംസ് ഇൻകോർപറേറ്റഡും നേരത്തെ തീരുമാനിച്ചിരുന്നു.