ഡീസൽ ഇഗ്നിസിനെ മാരുതി കയ്യൊഴിഞ്ഞോ?

Ignis

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ശ്രേണിയിൽ നിന്ന് ‘ഇഗ്നിസി’ന്റെ ഡീസൽ വകഭേദം പിൻവലിച്ചതായി സൂചന. എന്നാൽ ‘ഇഗ്നിസ് ഡീസലി’ന്റെ പിൻവാങ്ങൾ താൽക്കാലികമാണോ സ്ഥിരമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേപ്പറ്റി നിർമാതാക്കളായ മാരുതി സുസുക്കി ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടുമില്ല. ആവശ്യക്കാരില്ലാത്തതിനാലാണു കാറിന്റെ ഡീസൽ പതിപ്പ് പിൻവാങ്ങുന്നതെന്നാണു മാരുതി സുസുക്കി ഡീലർമാർ നൽകുന്ന വിശദീകരണം. ഡീസൽ ‘ഇഗ്നിസി’നുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുന്നില്ലെന്നും ഡിലർമാർ വ്യക്തമാക്കുന്നു. 

വില കൂടുതലാണെന്നതാണ് ഡീസൽ ‘ഇഗ്നിസി’നോടുള്ള പ്രതിപത്തി കുറയാൻ കാരണമെന്നാണു വിലയിരുത്തൽ. എട്ടു ലക്ഷത്തോളം രൂപ വിലയ്ക്കാണു മാരുതി സുസുക്കി ‘ഇഗ്നിസ്’ ഡീസൽ വിറ്റിരുന്നത്; എന്നാൽ ചെറുകാറിന് ഇത്രയും വില നൽകാൻ അധികമാരും തയാറല്ലെന്നതാണു പ്രശ്നമെന്നും ഡീലർമാർ വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പെട്രോൾ എൻജിനും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാമുള്ള ‘ഇഗ്നിസി’നാണ് ആവശ്യക്കാരേറെ. 

‘ബലേനൊ’ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിച്ച രണ്ടാമത്തെ കാറായ ‘ഇഗ്നിസ്’ 2017 ജനുവരിയിലാണു മാരുതി സുസുക്കി അവതരിപ്പിച്ചത്; ശരാശരി 4,000 യൂണിറ്റ് വിൽപ്പനയാണു കാർ മാസം തോറും നേടുന്നത്. എന്നാൽ മാരുതിയുടെ തന്നെ പുത്തൻ ‘സ്വിഫ്റ്റ്’ എത്തുകയും എതിരാളികളായ ഫോഡ് ‘ഫ്രീസ്റ്റൈൽ’ പോലുള്ള പുതിയ മോഡലുകൾ അവതരിപ്പിക്കുകയും ചെയ്തത് ‘ഇഗ്നിസി’നു കടുത്ത വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ.

‘ബലേനൊ’യെ പോലെ ഡീസൽ, പെട്രോൾ എൻജിനുകളോടെയായിരുന്നു ‘ഇഗ്നിസി’ന്റെയും വരവ്. ‘ബലേനൊ’യിലും ‘സ്വിഫ്റ്റി’ലുമൊക്കെയുള്ള 1.2 ലീറ്റർ, നാലു സിലിണ്ടർ, കെ 12 പെട്രോൾ എൻജിനാണ് ‘ഇഗ്നിസി’നു കരുത്തേകുന്നത്. ‘സ്വിഫ്റ്റ്’, ‘ബലേനൊ’, ‘സിയാസ്’ തുടങ്ങിയവയിലെ 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനായിരുന്നു ‘ഇഗ്നിസി’നും മാരുതി സുസുക്കി നൽകിയത്. ഇരു എൻജിനുകൾക്കുമൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സായിരുന്നു ട്രാൻസ്മിഷൻ. കൂടാതെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനോടെയും ‘ഇഗ്നിസ്’ ലഭ്യമാണ്.