ബ്രസീലിലേക്കു മടങ്ങാൻ മോട്ടോ ജി പി

ബ്രസീലിലേക്കു മടങ്ങാൻ പ്രീമിയം മോട്ടോർ സൈക്കിൾ റേസിങ് ചാംപ്യൻഷിപ്പായ മോട്ടോ ജി പി തയാറെടുക്കുന്നു. മോട്ടോ ജി പി കലണ്ടറിൽ ദ7ിണ അമേരിക്കൻ റൗണ്ട് തിരിച്ചെത്തിക്കുന്നതു സംബന്ധിച്ചു ചാംപ്യൻഷിപ് പ്രായോജകരായ ഡോർണയും റിയോ മോട്ടോർ സ്പോർട്സും പ്രാഥമിക കരാർ ഒപ്പുവച്ചെന്നാണു സൂചന. കാര്യങ്ങൾ ശരിയായ ദിശയിൽ പുരോഗമിച്ചാൽ 2021 സീസണിൽ മോട്ടോ ജി പി മത്സരം ബ്രസീൽ തലസ്ഥാനമായ റിയോഡിജനീറോയിൽ തിരിച്ചെത്തിയേക്കും.

തലസ്ഥാന നഗരത്തിനു സമീപം ഉയരുന്ന പുതിയ റേസ് ട്രാക്കിന്റെ നിർമാണ പുരോഗതിയാവും മോട്ടോ ജി പിയുടെ ബ്രസീലിലേക്കുള്ള മടക്കത്തിൽ നിർണായകമാവുക. നിർദിഷ്ട പരിശോധനകൾ പൂർത്തിയാക്കി ട്രാക്ക് യഥാസമയം മത്സരക്ഷമത തെളിയിക്കുന്ന പക്ഷം മോട്ടോ ജി പിയുടെ റിയോയിലേക്കുള്ള മടക്കം യാഥാർഥ്യമാവും. നീണ്ട 17 വർഷത്തെ ഇടവേളയ്ക്കൊടുവിലാവും 2021ൽ മോട്ടോ ജി പി ബ്രസീലിൽ തിരിച്ചെത്തുക. 1995 — 2004 കാലഘട്ടത്തിൽ ജാക്കറെപൗഗ റേസ് ട്രാക്ക് ആണു മോട്ടോ ജി പിക്ക് ആതിഥ്യമരുളിയിരുന്നത്. എന്നാൽ 2016ലെ ഒളിംപിക്സിന് വേദിയൊരുക്കാനായി ഈ ട്രാക്ക് പൊളിച്ചു നീക്കിയതാണു മോട്ടോ ജി പിക്കു തിരിച്ചടിയായത്. 

വരും നാളുകളിൽ പുതിയ വേദികൾ കണ്ടെത്തി മോട്ടോ ജി പി കലണ്ടർ വിപുലമാക്കാനുള്ള ഡോർണയുടെ ശ്രമങ്ങളും കാര്യങ്ങൾ ബ്രസീലിന് അനുകൂലമാക്കുന്നുണ്ട്. മത്സരരംഗത്തുള്ള ടീമുകളെ സംബന്ധിച്ചിടത്തോളവും ബ്രസീലിലെ മോട്ടോ ജി പി ദക്ഷിണ അമേരിക്കൻ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ സഹായകമാവും. പോരെങ്കിൽ ഈ മേഖലയിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയുമാണു ബ്രസീലിലേത്. 

മോട്ടോ ജി പി ബ്രസീലിൽ തിരിച്ചെത്താനുള്ള സാധ്യതയിൽ ആഹ്ലാദമുണ്ടെന്ന് ഡോർണ സ്പോർട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാർമെലൊ എസ്പെലെറ്റ വ്യക്തമാക്കി. ബ്രസീൽ പോലെ കായിക പാരമ്പര്യമുള്ള രാജ്യത്തെ മത്സര കലണ്ടറിൽ ഉൾപ്പെടുത്താനാവുന്നത് ഏറെ ആവേശകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഏറെ ഉത്സാഹത്തോടെയാണ് മോട്ടോ ജി പി പോലുള്ള കായിക ഇനങ്ങളെ റിയോ ജനത സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു റിയോ മോട്ടോർ സ്പോർട്സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജെ ആർ പെരേരയുടെ പ്രതികരണം. ബ്രസീലിൽ തിരിച്ചെത്താൻ ഡോർണ താൽപര്യം പ്രകടിപ്പിക്കുന്നത് ഏറെ ആഹ്ലാദകരമാണെന്നും അദ്ദേഹം വിലയിരുത്തി.