സഹകരിച്ചു നേട്ടം കൊയ്യാൻ ഫോഡും ഫോക്സ്‌വാഗനും

പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ എ ജിയും യു എസിലെ ഫോഡ് മോട്ടോർ കമ്പനിയും ധാരണയിലെത്തി. രാജ്യാന്തര വിപണികളിൽ വാണിജ്യ വാഹന വിഭാഗത്തിലെ വിവിധ മേഖലകളിലാവും ഇരുകമ്പനികളും യോജിച്ചു പ്രവർത്തിക്കുക.  ഇരു ബ്രാൻഡുകളുടെയും കരുത്ത് പ്രയോജനപ്പെടുത്തി കൂടുതൽ മത്സരക്ഷമത കൈവരിക്കാനും ഇടപാടുകാർക്കു കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുമാണു ഫോക്സ്വാഗന്റെയും ഫോഡിന്റെയും പദ്ധതി.

അതേസമയം, ഫോക്സ്വാഗനും ഫോഡിനും ഇന്ത്യൻ വാണിജ്യ വാഹന വിഭാഗത്തിൽ സാന്നിധ്യമില്ലാത്തതിനാൽ ഈ വിപണിയിൽ പുതിയ ധാരണ കാര്യമായ ചലനം സൃഷ്ടിക്കില്ല. എന്നാൽ വാണിജ്യ വാഹന വിഭാഗത്തിലെ പരസ്പര സഹകരണം ഭാവിയിൽ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. ഇന്ത്യയിലെത്തി വർഷങ്ങൾ പിന്നിടുമ്പോഴും കാര്യമായ തരംഗം സൃഷ്ടിക്കാനാവാതെ വലയുകയാണു ഫോക്സ്വാഗൻ. ഇന്ത്യയിലെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനാൽ സമീപ ഭാവിയിൽ ഇന്ത്യയിൽ പുതിയ മോഡൽ അവതരണങ്ങളൊന്നും നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണു കമ്പനി. പോരെങ്കിൽ ഇന്ത്യയിലേക്കുള്ള പുതിയ മോഡൽ വികസന ചുമതല ഗ്രൂപ്പിലെ ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയെ ഫോക്സ്വാഗൻ ഏൽപ്പിച്ചിട്ടുണ്ട്. 2020 ആകുമ്പോഴേക്കാവും ഇന്ത്യയ്ക്കായി സ്കോഡ വികസിപ്പിക്കുന്ന പുതിയ കാറുകളുടെ അരങ്ങേറ്റം. 

എന്നാൽ ഫോഡ് ഇന്ത്യയാവട്ടെ യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ മുൻനിരക്കാരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുമായി സഹകരിക്കുന്നുണ്ട്. രണ്ട് പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) മോഡലുകൾ വികസിപ്പിക്കുന്നതിനൊപ്പം വൈദ്യുത വാഹന സാങ്കേതികവിദ്യ പങ്കിടാനും ഇരു കമ്പനികളും ധാരണയായിട്ടുണ്ട്. നാലു മീറ്ററിൽ താഴെയുള്ള പുതിയ കോംപാക്ട് എസ് യു വിയും ‘എക്സ് യു വി 500’ മോഡലിന്റെ പകരക്കാരനുമാകും ഈ സഖ്യത്തിൽ പിറക്കുക. വൈദ്യുത വാഹന വിഭാഗത്തിൽ ഫോഡിന്റെ കോംപാക്ട് സെഡാനായ ‘ആസ്പയറി’ന്റെ  വൈദ്യുത പതിപ്പും പ്രതീക്ഷിക്കാം.