ഇന്ത്യയിൽ വൈദ്യുത കാർ നിർമിക്കാൻ മെഴ്സീഡിസ്

ഇന്ത്യയിൽ വൈദ്യുത കാർ നിർമിക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിനു പദ്ധതി. പാരമ്പര്യ ഇതര സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പിൻബലത്തിൽ വരുംവർഷങ്ങളിൽ ഇന്ത്യ തന്ത്രപ്രധാന വൈദ്യുത വാഹന വിപണിയായി വളരുമെന്നാണു മെഴ്സീഡിസ് ബെൻസിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണു പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ വൈദ്യുത കാർ നിർമിക്കാൻ കമ്പനി തയാറെടുക്കുന്നത്.

ഇന്ത്യൻ വിപണി വൈദ്യുത വാഹനങ്ങളിലേക്കു മുന്നേറുന്നതോടെ ഇന്ത്യയിൽ ഇത്തരം കാറുകൾ നിർമിക്കാനാണു നീക്കമെന്നു മെഴ്സീഡിസ് ബെൻസ് ഇന്ത്യ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) മൈക്കൽ ജോപ് വ്യക്തമാക്കി. ഇന്ത്യയ്ക്കായി തയാറാക്കിയ ദീർഘകാല പദ്ധതിയുടെ കൂടി ഭാഗമാണു വൈദ്യുത കാറുകളുടെ പ്രാദേശിക നിർമാണമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിലുള്ള ആന്തരിക ജ്വലന എൻജിൻ മോഡലുകൾക്കൊപ്പം ചക്കനിൽ തന്നെ വൈദ്യുത കാറുകളും നിർമിക്കാനാണു ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇന്ത്യയിൽ വൈദ്യുത കാർ നിർമാണം സംബന്ധിച്ചു ധാരാളം വെല്ലുവിളികൾ അവശേഷിക്കുന്നുണ്ടെന്നും ജോപ് സ്ഥിരീകരിച്ചു. ഇത്തരം വാഹനങ്ങളുടെ നിർമാണത്തിന് അനുയോജ്യമായ സാഹചര്യം ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നതാണു പ്രധാന പ്രശ്നം. അതുപോലെ വൈദ്യുത വാഹനങ്ങളിലെ ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യ വികസനവും യാഥാർഥ്യമായിട്ടില്ല.

പ്രാദേശികതലത്തിലുള്ള ഉൽപ്പാദനം ആദായകരമാവുന്ന നിലവാരത്തിലേക്കു വിപണി വളരുംവരെ പരിസ്ഥിതി സൗഹൃദമായ കാറുകളുടെ ഇറക്കുമതിയോട് സർക്കാർ അനുഭാവ പൂർണമായ സമീപനം സ്വീകരിക്കണമെന്നും ജോപ് നിർദേശിച്ചു. പരിമിതകാലത്തേങ്കിലും വൈദ്യുത കാറുകളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ ഇന്ത്യ തയാറാവണം. ഇതുവഴി ന്യായമായ വിലയ്ക്ക് വിദേശ നിർമിത വൈദ്യുത കാറുകൾ വിൽപ്പനയ്ക്കെത്തിക്കാൻ വഴി തെളിയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഡെയ്മ്ലർ ഗ്രൂപ്പിൽപെട്ട മെഴ്സീഡിസ് അടുത്ത വർഷത്തോടെ വൈദ്യുത സബ് ബ്രാൻഡായ ‘ഇ ക്യു’ ശ്രേണിയിലെ മോഡലുകൾ ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിക്കാനുള്ള തയാറെടുപ്പിലാണ്.