ട്രെയിലറുമായി കൂട്ടിയിടിച്ചു, എന്നിട്ടും വോൾവോ ഡ്രൈവറെ രക്ഷിച്ചു-വിഡിയോ

Screengrab

ലോകത്തിൽ ഏറ്റവും സുരക്ഷിത വാഹനങ്ങൾ നിർമിക്കുന്നത് വോൾവോയാണെന്നാണ് പറയാറ്. അത് കാറായാലും ട്രക്കായാലും ബസായാലും വോൾവോയിലെ യാത്രകൾ സുരക്ഷിതം തന്നെ. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിര്‍ബന്ധമുള്ള വോൾവോ, ക്രാഷ് ടെസ്റ്റുകളിൽ മുഴുവൻ മാർക്കും സ്വന്തമാക്കാറുണ്ട്.  വോൾവോയുടെ സുരക്ഷ വെറുംവാക്കല്ലെന്നു പലതവണ തെളിഞ്ഞിട്ടുള്ളതാണെങ്കിലും ആ സുരക്ഷയ്ക്ക് അടിവരയിടുന്ന ഒരു വിഡിയോയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

നോര്‍വെയിലേ സാര്‍പ്ബര്‍ഗ് ഹൈവേയിൽ വെച്ചാണ് അപകടമുണ്ടായത്. ദൃക്സാക്ഷികളായവരൊക്കെ  ‍ഡ്രൈവറുടെ മരണം ഉറപ്പിച്ച ആ അപകടത്തിൽ നിന്ന് ചെറിയ പരിക്കുകളോടെയാണ് ഡ്രൈവർ രക്ഷപ്പെട്ടത്. വോൾവോയുടെ സുരക്ഷ ഒന്നുകൊണ്ട് മാത്രമാണ് വലിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. വോള്‍വോയുടെ എസ്‌യുവി എക്സ്‌സി 70 ആണ് അപകടത്തിൽപ്പെട്ടത്.  70 മൈല്‍  (മണിക്കൂറില്‍ 112 കിലോമീറ്റര്‍) വരെ വേഗപരിധിയുള്ള റോഡിലൂടെ പോയ വാഹനം എതിരെവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. 

നാൽപ്പത് ടണ്‍ ഭാരമുള്ള സ്‌കാനിയ ട്രക്കുമായി കൂട്ടിയിടിച്ച എസ് യു വി തകര്‍ന്നു തരിപ്പണമായി. എസ്‌യുവി ഡ്രൈവറുടെ ചെറിയൊരു അശ്രദ്ധ മൂലം എതിർവശത്തെ ലൈനിലേയ്ക്ക് വാഹനം കയറുകയായിരുന്നു. എക്സി സി 70 ക്ക് തൊട്ടുപുറകെ വന്നൊരു വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് അപകടദൃശ്യങ്ങൾ പതിഞ്ഞത്. അപകടശേഷം വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഡ്രൈവറേയും വിഡിയോയിൽ  കാണാം. 

ട്രക്കുമായുള്ള കൂട്ടിയിടിയില്‍ വോള്‍വോയുടെ മുൻഭാഗം തകർന്നെങ്കിലും അകത്തേയ്ക്ക് കൂടുതൽ ആഘാതം എത്താതിരുന്നത് തീവ്രത കുറച്ചു. അപകടസമയത്ത് വോള്‍വോ എസ്‌യുവിയും ട്രക്കും നൂറ് കിലോമീറ്റര്‍ വേഗത്തിന് മേലെയാണ് സഞ്ചരിച്ചിരുന്നതെന്നും അപകടകരമായി വാഹനമോടിച്ചതിന് വോൾവോ ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേയ്ക്ക് സസ്പെന്റ് ചെയ്തെന്നും പ്രാദേശിക  മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.