ഇക്കൊല്ലം ടാറ്റയിൽ നിന്ന് 50 വാണിജ്യ വാഹനങ്ങൾ

വാണിജ്യ വാഹന വിഭാഗത്തിലെ മേധാവിത്തം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പു സാമ്പത്തിക വർഷം 50 മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സിനു പദ്ധതി. വാണിജ്യ വാഹന, യാത്രാ വാഹന വിഭാഗങ്ങളിലെ ചെലവു ചുരുക്കൽ നടപടികൾ വഴി 1,900 കോടിയോളം രൂപയാണു 2017 — 18ൽ ടാറ്റ മോട്ടോഴ്സ് ലാഭിച്ചത്. കർശന നിയന്ത്രണങ്ങളിലൂടെ ചെലവ് കുറച്ച് ഇക്കൊല്ലവും ഇത്രയും തുക ലാഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി. 

വാണിജ്യ വാഹന വിഭാഗത്തിനായി 2018 — 19ൽ 1,500 കോടി രൂപയുടെ മൂലധന ചെലവുകളാണു ടാറ്റ മോട്ടോഴ്സ് കണക്കാക്കുന്നത്. ഗവേഷണ — വികസനം, ഉൽപ്പാദന ശേഷി വർധിപ്പിക്കൽ, 2020 ഏപ്രിലിനകം വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ നിലവാരം ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തിലെത്തിക്കൽ തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. 

ഇതോടൊപ്പം പുതിയ മോഡലുകളും നിലവിലുള്ള പരിഷ്കരിച്ച പതിപ്പുകളുമായി 50 മോഡലുകളാണ് കമ്പനി ഇക്കൊല്ലം പുറത്തിറക്കുകയെന്ന് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(വാണിജ്യ വാഹന ബിസിനസ്) ഗിരീഷ് വാഗ് അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ പുതിയ മോഡലുകളുടെ വികസനത്തിനായി കമ്പനിയിൽ പ്രത്യേക വിഭാഗം തന്നെ പരിഗണനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭാവി ലക്ഷ്യമിട്ടുള്ള മോഡലുകളുടെ വികസനമാവും ഈ വിഭാഗത്തിന്റെ ദൗത്യം. ഉപയോക്താക്കളുടെ മാറുന്ന അഭിരുചികളും ആഗോള വിപണികളിലെ മാറ്റങ്ങളുമൊക്കെ ഈ വിഭാഗത്തിന്റെ പരിഗണനാവിഷയമാവുമെന്നും അദ്ദേഹം വിശദീകരിച്ചു. വരുന്ന അഞ്ചു വർഷത്തേക്കുള്ള മോഡൽ അവതരണ തന്ത്രം ആവിഷ്കരിക്കുകയാവും ഈ പുതിയ വിഭാഗത്തിന്റെ ദൗത്യം. 

ഇന്ത്യയിലെ വാണിജ്യ വാഹന വിഭാഗത്തിലെ മുൻനിര നിർമാതാക്കളാണു ടാറ്റ മോട്ടോഴ്സ്. കഴിഞ്ഞ മാർച്ച് 31ലെ കണക്കനുസരിച്ച് ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം 45.1% ആണ്. 2016 — 17ൽ കമ്പനിക്ക് 44.4% വിപണി വിഹിതമുണ്ടായിരുന്ന സ്ഥാനത്താണിത്.